വൈറലായി ജഡേജയുടെ വെടിവെയ്പ്പ് ആഘോഷം

Tuesday 31 March 2026 10:51 PM IST

ഗോഹട്ടി : തന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ രണ്ടു വിക്കറ്റ് നേടിയ ശേഷം തോക്കുകൊണ്ട് വെടിവയ്ക്കുന്ന രീതിയിൽ ആഘോഷ പ്രകടനം നടത്തി രവീന്ദ്ര ജഡേജ.എട്ടാം ഓവറിലെ രണ്ടാം പന്തിൽ സർഫറാസ് ഖാനെ (17) എൽ.ബിയിൽ കുരുക്കിയ ജഡേജ, അവസാന പന്തിൽ ശിവം ദുബെയെ (6) രവി ബിഷ്ണോയിയുടെ കൈയിലെത്തിച്ചു. തന്നെ ആദ്യ പന്തിൽ സിക്സർ പറത്തിയ ദുബെ പുറത്തായപ്പോഴാണ് ജഡേജ ' തോക്കെടുത്തത് ". ശിവം ദുബെ തന്റെ തന്ത്രത്തിൽ കുടുങ്ങിയതിലെ സന്തോഷം കൊണ്ടാണ് പുത്തൻ ആഘോഷരീതി പുറത്തെടുത്തതെന്ന് ജഡേജ പറഞ്ഞു.

അതേസമയം തന്റെ പഴയ ടീമിനെതിരെ കളിക്കാനിറങ്ങിയപ്പോൾ പലപ്പോഴും ജഡേജ വികാരഭരിതനായിരുന്നു. മത്സരശേഷം ചെന്നൈ ടീമിലെ പഴയ കൂട്ടുകാരുമായി ബന്ധം പുതുക്കുകയും ചെയ്തു. ചെന്നൈയുടെ ജഴ്സിയിൽ ചുംബിക്കുന്ന ജഡേജയുടെ ചിത്രവും വൈറലായിരുന്നു. പത്തു പതിമൂന്ന് വർഷം കളിച്ച ടീം വിടുന്നത് അത്ര എളുപ്പമല്ലെന്നാണ് ഇതേപ്പറ്റി ജഡേജ പറഞ്ഞത്. എന്നാൽ തന്റെ ആദ്യ ഐ.പി.എൽ ടീമായ രാജസ്ഥാനുവേണ്ടി പൂർണ സന്തോഷത്തോടെയാണ് കളിക്കാൻ ഇറങ്ങുന്നതെന്നും ജഡേജ പറഞ്ഞു.

2008ൽ ആദ്യ ഐ.പി.എൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസിൽ അഗമായിരുന്നു ജഡേജ. 2009ലും ഇവിടെയാണ് കളിച്ചത്. 2011ൽ കൊച്ചി ടസ്കേഴ്സിന് കളിച്ച താരം 2012ലാണ് ചെന്നൈയിലെത്തിയത്. 2016-17 സീസണുകളിൽ ചെന്നൈ ടീമിനെ വിലക്കിയപ്പോൾ ഗുജറാത്ത് ലയൺസിനായി കളിച്ചു.