രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി വീണ്ടും താരമായി ജ്യോതി വിജയകുമാർ

Wednesday 01 April 2026 12:52 AM IST

കണ്ണൂർ: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വീണ്ടും താരമായി അഡ്വ. ജ്യോതി വിജയകുമാർ. കോഴിക്കോട് ഇന്നലെ രാഹുൽ നടത്തിയ പ്രസംഗവും പരിഭാഷപ്പെടുത്തിയത് ജ്യോതിയാണ്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന പരിപാടിയിലും ജ്യോതി തന്നെയായിരുന്നു.

രാഹുലിന് പുറമേ പ്രിയങ്ക,സോണിയ എന്നിവരുടെയെല്ലാം പ്രസംഗങ്ങൾ ജ്യോതി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ജ്യോതിയെ ജനങ്ങൾ തിരിച്ചറിയുന്നത്. തിരുവനന്തപുരം സിവിൽ സർവീസ് അക്കാഡമിയിലെ സോഷ്യോളജി വിഭാഗം ഫാക്കൽറ്റിയായി ജോലി ചെയ്യുയാണ് ജ്യോതി. കോളേജ് രാഷ്ട്രീയമാണ് ആദ്യ പ്രസംഗക്കളരിയെന്ന് ജ്യോതി പറയുന്നു.

തിരുവനന്തപുരം മാർ ഇവാനിയോസിലായിരുന്നു ബിരുദ പഠനം. ഡിഗ്രി ആദ്യവർഷം യൂണിയൻ കൗൺസലറായി. രണ്ടാം വർഷം കോളേജ് ജനറൽ സെക്രട്ടറി. ഫൈനൽ ഇയറിൽ ചെയർപേഴ്‌സനുമായി. മാർ ഇവാനിയോസിലെ ആദ്യ വനിതാ ചെയർപേഴ്‌സൻ എന്ന പ്രത്യേകതയും ആ നേട്ടത്തിന് പിന്നിലുണ്ട്. നേരത്തെ ചെങ്ങന്നൂരിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി വിജയകുമാറിന്റെ മകളാണ് ജ്യോതി വിജയകുമാർ.