ഗവേഷണ പ്രബന്ധം കൊണ്ടുപോയത് പഠനത്തിന്: കേരള യൂണി.
Wednesday 01 April 2026 12:00 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഭാഷാശാസ്ത്ര വിഭാഗത്തിൽ നിന്ന് എം.എ, എം.ഫിൽ പ്രബന്ധങ്ങൾ കൊണ്ടുപോയത് സർക്കാർ സ്ഥാപനങ്ങളുമായുള്ള അക്കാഡമിക് പഠന പ്രവർത്തനങ്ങൾക്കായി മാത്രമാണെന്ന് വകുപ്പ് അറിയിച്ചു. വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം പ്രബന്ധങ്ങൾ തിരികെ ലൈബ്രറിയിൽ എത്തിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുമായി ഇടപാടുകളില്ല. കിർത്താഡ്സിന്‍റെയും ഇന്റർനേഷണൽ സ്കൂൾ ഒഫ് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സിന്‍റെയും സഹകരണത്തോടെ “ന്യൂ ട്രെന്റ്സ് ഇൻ ട്രൈബൽ ലാംഗ്വേജ് സ്റ്റഡീസ്” എന്ന പേരിൽ ത്രിദിന ശില്പശാല നടത്തിയിരുന്നു. കാണിക്കാർ, പണിയർ, ഇരുളർ എന്നീ ഗോത്രവർഗ വിഭാഗത്തിൽ നിലവിൽ ലഭ്യമായ പഠനങ്ങളിൽ കാലോചിതമായി ഉണ്ടായിട്ടുളള മാറ്റങ്ങൾ രേഖപ്പെടുത്തുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. ഇതിനായുള്ള പഠനത്തിനായാണ് പ്രബന്ധങ്ങൾ കൈമാറിയതെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കി.