15 ന്റെ കളി

Tuesday 31 March 2026 10:55 PM IST

15കാരനായ വൈഭവ് സൂര്യവംശി കഴിഞ്ഞരാത്രി ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 15 പന്തുകളിൽ അർദ്ധസെഞ്ച്വറി നേടിയതാണ് ഇപ്പോൾ ഐ.പി.എല്ലിലെ ചർച്ചാ വിഷയം. സീസണിലെ ആദ്യ മത്സരത്തിൽതന്നെ അർദ്ധസെഞ്ച്വറി നേടി രാജസ്ഥാന് സൂപ്പർ വിജയമൊരുക്കിയ വൈഭവിന്റെ ബാറ്റിംഗ് മികവ് എതിർ ടീമുകളുടെ ഉള്ളിൽ ഭയം നിറച്ചിട്ടുണ്ട്.

ഐ.പി.എല്ലിൽ ഒരു രാജസ്ഥാൻ താരത്തിന്റെ വേഗതയേറിയ രണ്ടാമത്തെ അർദ്ധസെഞ്ച്വറിയാണ് വൈഭവിന്റേത്. 2023ൽ യശസ്വി ജയ്സ്വാൾ 13 പന്തുകളിൽ അർദ്ധസെഞ്ച്വറി തികച്ചിരുന്നു. കെ.എൽ രാഹുലും പാറ്റ് കമ്മിൻസും റൊമാരിയോ ഷെപ്പേഡും ഐ.പി.എല്ലിൽ 14 പന്തുകളിൽ അർദ്ധസെഞ്ച്വറി നേടിയിട്ടുണ്ട്.

മാർച്ച് 27നായിരുന്നു വൈഭവിന്റെ 15-ാം പിറന്നാൾ. ഇതോടെ ദേശീയ ടീമിൽ കളിക്കണമെങ്കിൽ 15 വയസ് തികഞ്ഞിരിക്കണമെന്ന ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ കടമ്പയും വൈഭവ് മറികടന്നു. ഐ.പി.എല്ലിന് ശേഷം വൈഭവിനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പോലും പരിഗണിക്കണമെന്ന് പല മുൻതാരങ്ങളും അഭിപ്രായപ്പെട്ടിരിക്കുകയാണ്.എന്നാൽ കുറച്ചുകൂടി പക്വത വന്നശേഷം മതി ദേശീയ ടീമിലെ‌ടുക്കുന്നത് എന്നാണ് രവിചന്ദ്രൻ അശ്വിനെപ്പോലുള്ള മുൻതാരങ്ങളുടെ അഭിപ്രായം.