മധ്യവേനൽ അവധിയാകുന്നു : ശിവഗിരിയിൽ വിദ്യാർത്ഥികളുടെ സാന്നിധ്യമേറുന്നു.

Wednesday 01 April 2026 12:00 AM IST

ശിവഗിരി : മധ്യവേനൽ അവധിയെ വരവേറ്റു ശിവഗിരിയിലേക്ക് വിദ്യാർത്ഥികൾ ഉൾപ്പെടെ ഭക്തജനസാന്നിധ്യം വർദ്ധിക്കുന്നു. ശനി, ഞായർ ദിവസങ്ങളിലും മറ്റു പൊതു ഒഴിവുദിനങ്ങളിലും വൻതോതിലാണു ഭക്തർ എത്തിക്കൊണ്ടിരിക്കുന്നത്. സ്കൂൾ അവധിദിനങ്ങളായാൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പോഷക സംഘടനകളും, ഇതര സമുദായങ്ങളിൽപ്പെട്ട സംഘടനകളിൽ നിന്നും നിത്യേനയെന്നോണം ശിവഗിരി തേടി ഭക്തരെത്തും. പഠനയാത്രകളുടെ ഭാഗമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നേതൃത്വത്തിൽ ഒട്ടേറെ കേന്ദ്രങ്ങളിൽ നിന്നും വിദ്യാർത്ഥികളെത്തിയിരുന്നു. ഇനിയുള്ള ദിനങ്ങളിൽ നാട്ടിൽ നിന്നും മറുനാടുകളിൽ നിന്നും സംഘം ചേർന്നുള്ള സന്ദർശക സാന്നിധ്യമുണ്ടാകും. വിദ്യാദേവതയുടെ ശാരദാമഠത്തിലും മഹാസമാധിയിലും വൈദിക മഠത്തിലുമുൾപ്പെടെ സന്ദർശനം നടത്തിയാണു ഭക്തരുടെ മടക്കുയാത്ര.