വോട്ടിടാൻ ഊബറിൽ ഫ്രീ യാത്ര

Wednesday 01 April 2026 2:28 AM IST

തിരുവനന്തപുരം: വോട്ടർമാർക്ക് പോളിംഗ് ബൂത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ സൗജന്യ ഊബർ യാത്രയൊരുക്കും. സംസ്ഥാനത്ത് കുറവ് പോളിംഗുള്ള തിരുവനന്തപുരത്തെയും എറണാകുളത്തെയും തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ സേവനം ലഭിക്കും. രണ്ടുകിലോമീറ്റർ വരെയാണ് ഊബറിന്റെ ടാക്സിയിലും ഓട്ടോയിലും ബൈക്കിലും സൗജന്യയാത്ര ലഭിക്കുക.

വോട്ടെടുപ്പ് ദിവസമായ ഒമ്പതിന് വീട്ടിൽ നിന്ന് പോളിംഗ് സ്റ്റേഷൻ വരെ യാത്ര ചെയ്യാം. രണ്ടുകിലോമീറ്ററിൽ കൂടുതലുള്ള യാത്രയ്‌ക്ക് ഊബറിന്റെ നിരക്കനുസരിച്ച് വോട്ടർമാർ പണം നൽകണം. യൂബർ ഇന്ത്യയും ഇലക്ഷൻ കമ്മിഷനും സംയുക്തമായാണ് പരിപാടി നടത്തുന്നത്. ചെലവും സംയുക്തമായി വഹിക്കും. യാത്രാ സൗകര്യങ്ങളുടെ അഭാവത്തിൽ പോളിംഗ് കുറയാതിരിക്കാനാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം ലക്ഷ്യമിടുന്നത്. എല്ലാ പോളിംഗ് ബൂത്തുകളുടെയും ലൊക്കേഷൻ ഊബർ ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഊബറിന്റെ ആപ്പ് നോട്ടിഫിക്കേഷനുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വോട്ടർ ബോധവത്കരണ സന്ദേശം പ്രചരിപ്പിക്കും. എല്ലാ വോട്ടർമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.