തലസ്ഥാനത്ത് ആവേശമായി പിണറായിയുടെ വരവ്

Wednesday 01 April 2026 2:34 AM IST

തിരുവനന്തപുരം: കേരളം നേരിട്ട ദുരന്തകാലത്തെ ഓർമ്മിപ്പിച്ച്,​ തലസ്ഥാന ജില്ലയിൽ ആവേശമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലായിടത്തും സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചായിരുന്നു പ്രസംഗം.

ഇന്നലെ ജില്ലയിൽ നാലു മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി എത്തിയത്. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങൾ തിര‌ഞ്ഞെടുത്താണ് മുഖ്യമന്ത്രി പ്രസംഗിക്കാനെത്തിയത്. രാവിലെ അരുവിക്കര, ഉച്ചയ്ക്കു ശേഷം വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലുമാണ് പിണറായി എത്തിയത്. കേരളം നേരിട്ട ദുരന്തകാലത്തെ ഓർമ്മിപ്പിച്ചായിരുന്നു എല്ലായിടത്തും പ്രസംഗം. ഓഖിയും നിപ്പയും മഹാപ്രളയവും കൊവിഡും,​ ഒരു നാട് തകർന്ന് തരിപ്പണമാകാൻ ഇതിൽ കൂടുതൽ എന്തുവേണം. ആപത്ത് ഘട്ടത്തിൽ കേന്ദ്രം കൈയൊഴിഞ്ഞു. സഹായങ്ങൾ നൽകാൻ എത്തിയവരെ മടക്കി അയച്ചു. കേന്ദ്രത്തിനെതിരെ സംസാരിക്കാൻ യു.ഡി.എഫും കോൺഗ്രസും തയ്യാറായില്ല. ഇതിനെ എല്ലാം സർക്കാർ ജനങ്ങളുടെ സഹായത്തോടെയാണ് അതിജീവിച്ചത്. ഇനിയും മുന്നേറാനുണ്ട്. കഴിഞ്ഞ 10 വർഷമായി കേരളം വർഗീയ കലാപങ്ങളിൽ നിന്ന് മുക്തണ്. അകറ്റേണ്ടവരെ അകറ്റി നിറുത്തണമെന്നും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തവരെ പ്രോത്സാഹിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കനത്ത വെയിലിനെ വകവയ്ക്കാതെ നിരവധി പേരാണ് ഉച്ചയ്ക്ക് അരുവിക്കര മണ്ഡലത്തിലെ ആര്യനാട് മുഖ്യമന്ത്രിയെ കാത്തു നിന്നത്. വൈകിട്ട് പേരൂർക്കട ജംഗ്ഷനിലും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നിരവധി പേരെത്തി. ബി.ജെ.പിയുമായി ഇഞ്ചോടിഞ്ച് എൽ.ഡി.എഫ് പോരാടുന്ന നേമം മണ്ഡത്തിൽ മുഖ്യമന്ത്രിയുടെ പരിപാടി അമ്പലത്തറയിലാണ് സംഘടിപ്പിച്ചത്. തീരപ്രദേശവാസികൾ ഉൾപ്പെടെ വൻജനക്കൂട്ടം അവിടെ അഭിവാദ്യം അർപ്പിച്ചു. കഴക്കൂട്ടത്തും ഊഷ്‌മളമായ വരവേല്പായിരുന്നു. രാവിലെ എ.കെ.ജി സെന്ററിൽ വിശദമായ വാർത്താസമ്മേളനത്തിനു ശേഷമാണ് മുഖ്യമന്ത്രി വിവിധ മണ്ഡലങ്ങളിലെത്തിയത്.