ഇസിജിയിൽ വ്യതിയാനം; കസ്റ്റഡിയിലെടുത്ത സംവിധായകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് നടപടിക്കായി നടത്തിയ വെെദ്യപരിശോധനയ്ക്കിടെയാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പരിശോധനയിൽ രക്തസമ്മർദം ഉയർന്നതായും ഇസിജിയിൽ വ്യതിയാനമുള്ളതായും കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ രഞ്ജിത്തിനെ വിട്ടയക്കുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കൂ.
ജനുവരി 28ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയെ തുടർന്ന് ഇന്നലെ രാത്രിയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. രാത്രി തൊടുപുഴ പുളിയൻമല റൂട്ടിൽ മുട്ടത്തിനു സമീപം രഞ്ജിത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസെടുത്ത വിവരമറിഞ്ഞ് ഒളിവിൽ പോകാൻ സാദ്ധ്യതയുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു.
നടി ഡി.ജി.പിക്കും കൊച്ചി സെൻട്രൽ പൊലീസിനുമാണ് പരാതി നൽകിയത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. കാരവനിൽ അനുമതിയില്ലാതെ പ്രവേശിച്ച ശേഷം കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. എതിർത്തപ്പോൾ പിൻവാങ്ങി.
എറണാകുളം സിറ്റി ഡി.സി.പി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുമ്പാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രഹസ്യമായി രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്.
പരാതി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ, രഞ്ജിത്തിനെതിരെ സമാനരീതിയിൽ രണ്ടു പരാതികൾ ഉയർന്നിരുന്നു. ബംഗാളി നടിയുടെ വെളിപ്പെടുത്തലിലായിരുന്നു ഒരു പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന യുവാവിന്റെ പരാതിയിലും കേസെടുത്തിരുന്നു.