വെള്ളിടിയായി വിലവർദ്ധന വീണ്ടും, വാണിജ്യസിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 195.50 രൂപ

Wednesday 01 April 2026 11:01 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊമേഴ്‌സ്യൽ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർദ്ധിപ്പിച്ചു. 19 കിലോ സിലിണ്ടറൊന്നിന് 195.50 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാൻ ഹോ‌ർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിച്ചതോടെ ലോകമാകെ ഇന്ധനവില വർദ്ധനവുണ്ടായതാണ് രാജ്യത്ത് എൽപിജി വിലവർദ്ധനയിലേക്ക് വഴിതെളിച്ചത്.

ഇതോടെ കേരളത്തിൽ കൊച്ചിയിൽ വാണിജ്യ സിലിണ്ടറൊന്നിന് വില 2091 രൂപയായി. ഡൽഹിയിൽ സിലിണ്ടറൊന്നിന് 2078.50 രൂപയാണ്. മുംബയിൽ 2031രൂപ, കൊൽക്കത്ത 2208 രൂപ, ബംഗളൂരു 2246.50 എന്നിങ്ങനെയാണ് പുതിയ വില. മാർച്ച് ഒന്നിനും വാണിജ്യസിലിണ്ടറുകൾക്ക് വില വർദ്ധിപ്പിച്ചിരുന്നു. 114.50 രൂപയാണ് അന്ന് വർദ്ധിച്ചത്.

വിലവർദ്ധനവ് രാജ്യത്തെ ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, ചെറുകിട സ്ഥാപനങ്ങൾ എന്നിവയെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്. പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ ഇന്ന് രാജ്യത്ത് പ്രീമിയം പെട്രോളിനും ഡീസലിനും വിലവർദ്ധന ഉണ്ടായിരുന്നു. പ്രീമിയം പെട്രോളിന് ലിറ്ററിന് 11 രൂപയും ഡീസൽ എക്‌സ്‌ട്രാ ഗ്രീനിന് 1.50 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ‌ എക്‌സ്‌‌പി 100 പെട്രോളിന് 149 രൂപയിൽ നിന്ന് 160 രൂപയായും ഡീസൽ എക്‌സ്‌ട്രാ ഗ്രീനിന് 91.49ൽ നിന്ന് 92.99 ആയും ലിറ്ററിന് വില വർദ്ധിച്ചു.