സൗഹൃദ മത്സരം കാണാനെത്തിയവർ മുസ്‌ലീം വിരുദ്ധ മുദ്രാവാക്യം വിളിച്ചു, നിർത്താൻ അനൗൺസ് ചെയ്‌തിട്ടും നിർത്താതെ കാണികൾ
ബാഴ്‌സിലോണ: ലോകകപ്പിന് മുന്നോടിയായി സ്‌പെയിനിലെ ബാഴ്‌സിലോണയിൽ നടത്തിയ മത്സരത്തിൽ മോശം പെരുമാറ്റവുമായി കാണികൾ. സ്‌പെയിനും ഈജിപ്റ്റും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് കാണികൾ ഒട്ടും സൗഹൃദമില്ലാതെ പെരുമാറിയത്. മത്സരം ആരംഭിക്കുന്ന സമയം തന്നെ പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. ഈജിപ്‌റ്റിന്റെ ദേശീയഗാനം ആലപിക്കുന്ന സമയത്ത് ചിലർ കൂക്കിവിളിക്കുകയും വിസിലടിക്കുകയും ചെയ്‌തു.
മത്സരത്തിന്റെ ആദ്യ പകുതി പുരോഗമിക്കുന്നതിനിടെ മുസ്ളീം വിഭാഗത്തിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചില മുദ്രാവാക്യങ്ങൾ കാണികളിൽ ചിലർ മുഴക്കി. 35,000ത്തോളം കാണികളാണ് മത്സരം കാണാനുണ്ടായിരുന്നത്. സ്‌പാനിഷ് ഫുട്ബോൾ ഫെഡറേഷനും സ്‌പാനിഷ് കോച്ച് ലൂയിസ് ഡി ലാഫ്യുന്റെയും സംഭവത്തെ അപലപിച്ചു.
'ഇത്തരത്തിലുള്ള നിലപാടുകളെ ഞങ്ങൾ അപലപിക്കുന്നു. ആവർത്തിക്കരുതെന്ന് പറയുകയും ചെയ്യുന്നു.' ഫെഡറേഷൻ പ്രസിഡന്റ് റഫാൽ ലൗസൻ പറഞ്ഞു. 'ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്' അദ്ദേഹം ആവർത്തിച്ചു. ക്ഷമിക്കാനാവാത്തതാണ് കാണികളുടെ ഈ പെരുമാറ്റമെന്ന് സ്‌പാനിഷ് കോച്ച് ലൂയിസ് ഡി ലാഫ്യുന്റെ പറഞ്ഞു. ഇത്തരക്കാരെ സമൂഹത്തിൽ നിന്ന് കണ്ടെത്തി മാറ്റി നിർത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഹാഫ് ടൈമായപ്പോൾ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനിൽ കാണികളുടെ ഈ മോശം പെരുമാറ്റത്തിനെതിരെ മുന്നറിയിപ്പ് നൽകി. മത്സരത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയിൻ അവരുടെ പ്രതിരോധത്തിൽ ഏറെ പിന്നിൽ പോയി. ഗോൾ രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്. ഖത്തറിൽ നടത്തേണ്ടിയിരുന്ന മത്സരം ഒരുമാസത്തോളമായി പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷത്തെ തുടർന്നാണ് ബാഴ്‌സിലോണയിൽ നടത്തിയത്. യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിലേക്ക് സ്പെയിനും ഈജിപ്റ്റും യോഗ്യത നേടിയിട്ടുണ്ട്.