'കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണ്, ഇത് ഖർ വാപ്പസി', കോൺഗ്രസിലേക്ക് തിരിച്ചുപോകാൻ മുൻ മേയർ എം കെ വർഗീസ്

Wednesday 01 April 2026 3:58 PM IST

തൃശൂർ: അഞ്ച് വർഷത്തോളം ഇടത് പിന്തുണയിൽ തൃശൂർ മേയറായ എംകെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിപ്പോകുന്നു. കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് നിഷേധിച്ചതോടെ അഞ്ച് വർഷം മുൻപ് കോൺഗ്രസ് വിട്ട് സ്വതന്ത്രനായ എം കെ വർഗീസ് ജയിച്ചിരുന്നു. തുടർന്ന് ഇടതുമുന്നണി പിന്തുണയോടെ അഞ്ച് വർഷം മേയറുമായി.

നിലവിൽ കോൺഗ്രസിലേക്ക് മടങ്ങുകയാണെന്നും തൃശൂർ സ്ഥാനാർത്ഥി രാജൻ പല്ലന് പിന്തുണ നൽകുമെന്നും എം കെ വർഗീസ് പറഞ്ഞു. കോൺഗ്രസിലേക്ക് മടങ്ങിപ്പോകുന്നത് നിരുപാധികം ആണെന്ന് അദ്ദേഹം അറിയിച്ചു. കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണ് ഇത് ഖർവാപ്പസിയാണ് എന്നാണ് എം കെ വർഗീസ് വ്യക്തമാക്കിയത്.

അന്നത്തെ സാഹചര്യത്തിൽ സ്വതന്ത്രനായി മത്സരിച്ചതാണെന്നും കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കിയതല്ലെന്നും വർഗീസ് പറയുന്നു. തന്റെ കോൺഗ്രസിലേക്കുള്ള മടങ്ങിവരവ് നിരുപാധികം ആണ്, ഉപാധികളൊന്നുമില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. രാജൻ പല്ലൻ വലിയ ഭൂരിപക്ഷത്തിൽ തൃശൂരിൽ നിന്ന് ജയിക്കുമെന്നും ചിലപ്പോൾ മന്ത്രിയാകുമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.