കോഴിക്കോട്ട് അനധികൃതമായി കൂട്ടിയിട്ടിരുന്ന 64 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

Wednesday 01 April 2026 4:20 PM IST

കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച 64ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വള്ളിക്കുന്ന് അഞ്ചുമാവ് ഇളമനപ്പാടം എടച്ചേരിത്താഴത്താണ് സംഭവം. ജില്ലാ സപ്ലൈ ഓഫീസർ ആർ ബോബന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തത്.

60 എണ്ണം കാലിയും നാലെണ്ണം ഗ്യാസ് നിറച്ചതുമായിരുന്നു. അലസമായി കൂട്ടിയിട്ടിരിക്കുന്ന രീതിയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത സിലിണ്ടറുകൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ജനവാസ കേന്ദ്രത്തിൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചവരെ കണ്ടെത്തി കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു.

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ അബ്ദുൾ ഗഫൂർ, കൊയിലാണ്ടി റേഷനിംഗ് ഇൻസ്‌പെക്‌ടർ ശ്രീനിവാസൻ, കോഴിക്കോട് താലൂക്ക് റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ബൈജു, ബവിത, ഷൈബ തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.