പത്രപ്രവർത്തക യൂണിയൻ കരിദിനം ആചരിച്ചു
Wednesday 01 April 2026 5:07 PM IST
കൊച്ചി: മാദ്ധ്യമപ്രവർത്തകരെ ലേബർ കോഡിൽ നിന്ന് ഒഴിവാക്കി വേജ് ബോർഡ് രൂപീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് എച്ച്.എം.എസ് നേതാവ് അഡ്വ.തമ്പാൻ തോമസ് ആവശ്യപ്പെട്ടു. പത്രപ്രവർത്തക യൂണിയൻ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ലേബർ കോഡിനെതിരായ കരിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേജ് ബോർഡ് രൂപീകരണം ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയനടക്കം നടത്തുന്ന സമരങ്ങളേയും നിയമപോരാട്ടങ്ങളേയും തൊഴിലാളി സംഘടനകൾ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ആർ.ഗോപകുമാർ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, യൂണിയൻ ജില്ലാ സെക്രട്ടറി ഷജിൽ കുമാർ എന്നിവർ സംസാരിച്ചു.