പ്രവാസികൾ പുറത്തിറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം, ഒമാനിലും സൗദി അറേബ്യയിലും ജാഗ്രതാ നിർദേശം
മസ്‌കറ്റ്: ഫുറാത്ത് ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. സൗത്ത് അഷ്‌ഖിയ, അൽ വുസ്‌ത ഗവർണറേറ്റുകളിലും ദോഫാർ ഗവർണേറ്റിന്റെ ചില ഭാഗങ്ങളിലുമാണ് ഇടിയോടുകൂടിയ മഴ ലഭിക്കുന്നത്. അടുത്ത മണിക്കൂറുകളിൽ ഈ മേഖലയിൽ മഴ കനക്കുമെന്നും പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശമുണ്ട്. ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്.
അതേസമയം, സൗദി അറേബ്യയിൽ ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൗദിയിൽ മഴ ശക്തമാകുന്നത് ഏപ്രിൽ മാസങ്ങളിലാണ്. ഇക്കൊല്ലം ഏപ്രിലിൽ മിക്ക പ്രദേശങ്ങളിലും ശരാശരിയിലധികം മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ഇതിനൊപ്പം ചിലയിടങ്ങളിൽ താപനില സാധാരണയേക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാനും സാദ്ധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്‌താനി പറഞ്ഞു.