പ്രചാരണം അവസാന ലാപ്പിൽ...ഓടിത്തീർക്കാൻ മുന്നണികൾ
കൊച്ചി: പ്രചാരണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുന്നണികളും സ്ഥാനാർത്ഥികളും ഒന്നാന്തരം ഓട്ടപ്പാച്ചിലിലാണ്. സമീപകാലത്ത് ഏറ്റവും കുറവ് സമയം പ്രചാരണത്തിന് ലഭിച്ച തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മാർച്ച് 17ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിന് 23 ദിവസം മാത്രമാണ് പ്രചാരണത്തിന് ലഭിച്ചത്.
സ്ഥാനാർത്ഥികളുടെ വാഹന പര്യടനം പൂർത്തിയായിട്ടില്ല. പ്രചാരണച്ചൂടിനും സമയക്കുറവിനുമൊപ്പം കഠിനചൂടും കൂടിയെത്തിയതോടെ സ്ഥാനാർത്ഥികൾ പെട്ടു.
ചൂടിൽ പ്രവർത്തകർ വലഞ്ഞതോടെ പര്യടനസമയം വെട്ടിക്കുറക്കേണ്ടി വന്നു. രാവിലെ എട്ടിന് തുടങ്ങി ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് നാല് മുതൽ രാത്രി പത്തുവരെയുമാണ് പര്യടനം. ദിവസവും മൂന്ന് മണിക്കൂർ പ്രചാരണത്തിൽ നിന്ന് നഷ്ടപ്പെട്ടു. മുഴുവൻ സ്ഥലത്തും സ്ഥാനാർത്ഥികളുടെ പ്രസ്താവനകൾ എത്തിയിട്ടില്ല. ബുക്ക് ചെയ്ത പലയിടത്തും ചുവരുകൾ എഴുതാതെ കിടക്കുന്നു. ബോർഡുകളും പോസ്റ്ററുകളും ഇനിയും വയ്ക്കാനുണ്ടെന്ന് പ്രവർത്തകർ പറയുന്നു.
അവധിയും
റംസാൻ, പെസഹ വ്യാഴം, ദു:ഖവെള്ളി, ഈസ്റ്റർ എന്നിങ്ങനെ നാല് അവധി ദിനങ്ങളാണ് പ്രചാരണത്തിനിടെയുള്ളത്. നാല് ദിവസങ്ങളിലെ പ്രചാരണം മന്ദഗതിയിലാകും. ആളുകൾ വീടുകളിൽ കാണുന്ന ഞായറാഴ്ചകളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിർണായക ദിനം. ഇക്കുറി ആകെ ലഭിച്ച മൂന്ന് ഞായറാഴ്ചകളിൽ ഒന്ന് ഈസ്റ്റർ ആയതോടെ ഒരുദിവസത്തെ പരിപാടി ഒഴിവാക്കേണ്ടിയും വന്നു.
നേതാക്കളും ഏജന്റുമാരും തിരക്കിൽ തന്നെ
താരപ്രചാരകരെ എത്തിക്കുന്നതിന്റെയും സജ്ജീകരണങ്ങൾ ഒരുക്കുന്നതിന്റെയും തിരക്കിലാണ് നേതാക്കൾ. പ്രചാരണങ്ങളും ചെലവ് കണക്ക് രേഖപ്പെടുത്തലുമായി സ്ഥാനാർത്ഥികളുടെ ഏജന്റുമാരും രണ്ടാംനിര നേതാക്കന്മാരും ഓട്ടത്തിലാണ്. സ്ഥാനാർത്ഥി ക്യാമ്പുകളിൽ ഓരാൾക്ക് പോലും വെറുതെയിരിക്കാൻ കഴിയാത്ത അവസ്ഥയാണ്.