നടരാജനും എങ്കിടിയും ചേര്‍ന്ന് എറിഞ്ഞിട്ടു; ലക്‌നൗ 141ന് ഓള്‍ഔട്ട്

Wednesday 01 April 2026 9:37 PM IST

ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ചെറിയ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി 18.4 ഓവറില്‍ 141 റണ്‍സിന് ഓള്‍ൗട്ടായി. ഭേദപ്പെട്ട തുടക്കം ലഭിച്ചുവെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടതാണ് റിഷഭ് പന്തിനും സംഘത്തിനും ബാറ്റിംഗില്‍ തിരിച്ചടിയായത്. 35 റണ്‍സെടുത്ത ഓപ്പണറും ഓസീസ് ട്വന്റി 20 ടീം നായകനുമായ മിച്ചല്‍ മാര്‍ഷ് മാത്രമാണ് മുന്‍നിരയില്‍ ലക്‌നൗവിനായി തിളങ്ങിയത്.

പുതിയ സീസണിന് തുടക്കമിടാന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഓപ്പണറുടെ റോളിലാണ് ക്യാപ്റ്റന്‍ പന്ത് എത്തിയത്. എന്നാല്‍ 7(9) റണ്‍സ് നേടി നില്‍ക്കെ ദൗര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തില്‍ പിടികൂടുകയായിരുന്നു. എയ്ഡന്‍ മാര്‍ക്രം 11(8), ആയുഷ് ബദോനി 0(3), നിക്കോളാസ് പൂരന്‍ 8(8) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ എല്‍സ്ജിയുടെ സ്‌കോര്‍ 71ന് അഞ്ച് എന്ന നിലയിലേക്ക് വീണു. അബ്ദു സമദ് 36(25), മുകുള്‍ ചൗദരി 14(11), ഷാബാസ് അഹ്‌മ്മദ് പുറത്താകാതെ 15*(16) എന്നിങ്ങനെയാണ് പിന്നീട് വന്നവരുടെ സ്‌കോറുകള്‍.

മുഹമ്മദ് ഷമി ഒരു റണ്ണെടുത്ത് പുറത്തായപ്പോള്‍ ആന്റിച്ച് നോര്‍ക്യ, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ പൂജ്യത്തിന് മടങ്ങി. ഡല്‍ഹിക്കായി ടി നടരാജന്‍, ലുങ്കി എങ്കിടി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങിയപ്പോള്‍ കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റുകളും ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന് ഒരു വിക്കറ്റും കിട്ടി.