റൂട്ട് മാർച്ച് സംഘടിപ്പിച്ചു
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിന്റെയും പൊതുജനങ്ങളിൽ സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കേരള പൊലീസും കർണാടക റിസർവ് പൊലീസും സംയുക്തമായി റൂട്ട് മാർച്ച് സംഘടിപ്പിച്ചു.
കൂറ്റനാട് സെന്റർ, ബസ് സ്റ്റാൻഡ്, വട്ടേനാട്, തണ്ണീർകോട്, ഗുരുവായൂർ റോഡ്, തൃത്താല റോഡ് എന്നീ പ്രദേശത്തെ പ്രധാന വീഥികളിലൂടെ നീങ്ങിയ മാർച്ചിന് ചാലിശ്ശേരി പൊലീസ് ഉദ്യോഗസ്ഥരും കർണാടക പൊലീസ് ഉദ്യോഗസ്ഥരും നേതൃത്വം നൽകി. വോട്ടർമാർക്ക് ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്നിവയാണ് ലക്ഷ്യം.
വരുംദിവസങ്ങളിലും സ്റ്റേഷൻ പരിധിയിലെ വിവിധ മേഖലകളിൽ സമാനമായ രീതിയിലുള്ള പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കുമെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു.