സ്ഥാനാർത്ഥി ആര് ചിഹ്നം ഏതെന്ന് ചോദ്യം; നൂറിന്റെ നിറവിൽ ചാക്കോ മാത്യൂ വോട്ടിട്ടു

Thursday 02 April 2026 1:03 AM IST

വടക്കഞ്ചേരി: നൂറിന്റെ നിറവിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് വോട്ടിട്ട് ചാക്കോ മാത്യൂ. പ്രായാധിക്യം അലട്ടുന്നതിനാൽ ഒറ്റയ്ക്ക് നടക്കാൻ കഴിയാതെ വീട്ടിൽ കഴിയുന്ന നൂറ് വയസ് പ്രായമുള്ള വടക്കഞ്ചേരി ഗാന്ധിഗ്രാമം നീലപ്പള്ളി വീട്ടിൽ ചാക്കോ മാത്യൂവാണ് ഇന്നലെ ഉച്ചയ്ക്ക്‌വോട്ടിട്ടത്. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം എട്ടുവർഷമായി മകൾ റീത്താമയുടെയും മരുമകൻ ഫിലിപ്പോസിന്റെയും കൂടെയാണ് താമസിച്ചുവരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ പോയി വോട്ടിട്ട ചാക്കോ ഇത്തവണ വോട്ട് തരൂർ മണ്ഡലത്തേക്ക് മാറ്റിചേർത്തു. ഇതോടെ ബി.എൽ.ഒ.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വീട്ടിൽ വോട്ടുരേഖപ്പെടുത്തിയത്. വോട്ടിന്റെ കാര്യം ചാക്കോയോട് പറഞ്ഞതും സ്ഥാനാർത്ഥികളുടെ പേരും, ചിഹ്നവും എന്താണെന്നാണ് തിരിച്ച് ചോദിച്ചത്. പിന്നീട് മകളുടെ സഹായത്തോടെ വോട്ടിട്ടു. ചൂണ്ടുവിരലിൽ മഷി പുരട്ടിയതോടെ ജനാധിപത്യ അവകാശം വിനിയോഗിച്ച സന്തോഷത്തിലാണ് ചാക്കോ.