ജെ.ഇ.ഇ മെയിൻ ഏപ്രിൽ സെഷൻ ഇന്നു മുതൽ

Thursday 02 April 2026 12:11 AM IST

രാജ്യത്തെ എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ബി.ഇ/ബി.ടെക്, ബി.ആക്/ ബി. പ്ലാനിംഗ് കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാം 2026 ഏപ്രിൽ സെഷൻ പരീക്ഷ (ജെ.ഇ.ഇ മെയിൻ സെഷൻ 2) ഇന്നു മുതൽ 8 വരെ നടക്കും.അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ വ്യക്തമായി വായിച്ച് മനസിലാക്കിവേണം പരീക്ഷാ ഹാളിലെത്താൻ.പരീക്ഷാ തീയതി,​ഷിഫ്റ്റും പരീക്ഷാ സമയവും,​പരീക്ഷാ സ്ഥലവും ഹാളും,​പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ട സമയം,​പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റ് അടയ്ക്കുന്ന സമയം എന്നിവ അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുണ്ട്.രണ്ട് ഷിഫ്റ്റായാണ് പരീക്ഷ നടക്കുക.ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ 12 വരെയും രണ്ടാം ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെയുമാണ്.ബയോമെട്രിക് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ അഡ്മിറ്റ് കാർഡിൽ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ പരീക്ഷാ സെന്ററിൽ എത്താൻ ശ്രദ്ധിക്കണം.

നിർബന്ധമായും കരുതേണ്ട ഡോക്യുമെന്റുകൾ

A4 പേപ്പറിൽ (കളർ കോപ്പിയെങ്കിൽ നല്ലത്) ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡ്.എൻ.ടി.എ വെബ്സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭ്യമാണ്.

രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ (ഓൺലൈൻ അപേക്ഷയ്ക്കൊപ്പം നൽകിയത്).

ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്ത ഫോട്ടോ ഐഡി കാർഡിന്റെ ഒറിജിനൽ (ഫോട്ടോ കോപ്പിയോ,മൊബൈലിൽ പകർത്തിയ കോപ്പിയോ അനുവദനീയമല്ല.)

പരീക്ഷാ ഹാളിൽ അനുവദനീയമല്ലാത്തവ

ഹാൻഡ്ബാഗ്,പഴ്സ്,​പേപ്പർ,​സ്റ്റഡി മെറ്റീരിയൽസ്,​ഭക്ഷണ-പാനീയങ്ങൾ,​മൊബൈൽഫോൺ,​ഇയർ ഫോൺ,​കാൽക്കുലേറ്റർ,ക്യാമറ,​റിസ്റ്റ് വാച്ച്,​ഇലക്ട്രോണിക് ഉപകരണങ്ങൾ,​മെറ്റാലിക് ഐറ്റംസ് (ബെൽറ്റ് പോലുള്ളവ) തുടങ്ങിയവ അനുവദനീയമല്ല.പാർട്ട് 3 ബി.ആർക്ക് പരീക്ഷയിൽ ജ്യോമെട്രി ബോക്സ്,​പെൻസിൽ,​ഇറേസർ,​കളർപെൻസിൽ എന്നിവ അനുവദനീയമാണ്.