ഇന്ധനം ഭാരമായി; വിലക്കയറ്റത്തിലേക്ക് , വാണിജ്യ സിലണ്ടറിന് കൂട്ടിയത് 195.50 രൂപ

Thursday 02 April 2026 12:47 AM IST

 വിമാന ഇന്ധനത്തിന് ഇരട്ടിയിലേറെ വില  ഇലക്ഷന് പിറകേ പെട്രോൾ, വാണിജ്യ ഗ്യാസ് വില കൂട്ടിയേക്കും

ന്യൂഡൽഹി: വിലക്കയറ്റത്തിന് വഴിതെളിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില കൂട്ടി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിച്ചുയരുന്നതാണ് കാരണം. വിമാന ഇന്ധനത്തിനും മുന്തിയ ഇനം പെട്രോളിനും ഡീസലിനും വാണിജ്യ ഗ്യാസ് സിലിണ്ടറിനുമാണ് ഇന്നലെ വില കൂട്ടിയത്. വിമാന ഇന്ധനത്തിന് ഇരട്ടിയിലേറെ വില കൂട്ടി.

താമസിയാതെ ഗാർഹിക പാചകവാതകം, സാധാരണ പെട്രോൾ,ഡീസൽ എന്നിവയ്ക്കും വില കൂടാൻ സാദ്ധ്യതയുണ്ട്. അങ്ങനെ വന്നാൽ അവശ്യ സാധനങ്ങൾക്കുൾപ്പെടെ വില ഉയരും. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടാണ് ഇവയുടെ വിലവർദ്ധന നീട്ടിക്കൊണ്ടുപോകുന്നത്. ഗാർഹിക പാചകവാതകത്തിന് മാർച്ച് 7ന് 60 രൂപ കൂട്ടിയിരുന്നു.

19 കിലോയുടെ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില 195.50 രൂപ വർദ്ധിപ്പിച്ചത് ഹോട്ടലുകൾക്കും മറ്റും കനത്ത പ്രഹരമായി. ചിലയിടങ്ങളിൽ വില 200 രൂപയിലേറെ വർദ്ധിക്കും. ഗ്യാസ് ഇല്ലാതെ അൻപതു ശതമാനത്തോളം ഹോട്ടലുകൾ പൂട്ടിക്കഴിഞ്ഞു. തുറന്നു പ്രവർത്തിക്കുന്നവ പലതും ഭക്ഷണവിലയും കൂട്ടി. അതിനിടെയാണ് ഗ്യാസിന് കുത്തനേ വിലക്കയറ്റം. ചെറുകിട കച്ചവടക്കാർ ഉപയോഗിക്കുന്ന അഞ്ചുകിലോ എൽ.പി.ജി സിലിണ്ടറിന് 51 രൂപ കൂട്ടി. 19 കിലോ സിലിണ്ടറിന് മാർച്ച് ഒന്നിന് 114.50രൂപയും ഗാർഹിക സിലിണ്ടറിന് മാർച്ച് 7ന് 60 രൂപയും കൂട്ടിയിരുന്നു.

പ്രീമിയം പെട്രോളിന്

കൂട്ടിയത് 11 രൂപ

ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്രീമിയം ഇനത്തിലുള്ള എക്‌സ് പി 100 പെട്രോളിന് ലിറ്ററിന് 11രൂപയും എക്‌സ്ട്രാ ഗ്രീൻ ഡീസലിന് ലിറ്ററിന് 1.50 രൂപയും കൂട്ടി. അന്താരാഷ്‌ട്ര വിപണിയിലെ വിലക്കയറ്റത്തിൽ പിടിച്ചു നിൽക്കാൻ കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ കുറച്ചിരുന്നു. അതു പോരാതെ വന്നതോടെയാണ് വില കൂട്ടിയത്.

വിമാന ടിക്കറ്റ്

നിരക്ക് ഉയരും

 വിമാന ഇന്ധനമായ എ.ടി.എഫിന്റെ വില കിലോലിറ്ററിന് 96,638.14 രൂപയിൽ നിന്ന് 2,07,341.22 രൂപയാക്കി (വർദ്ധന 1,10,703.08). വില രണ്ടു ലക്ഷം കടക്കുന്നത് ആദ്യമായി

 ആഭ്യന്തര സർവീസുകൾക്ക് വില വർദ്ധനയുടെ 25% (ലിറ്ററിന് 15രൂപ) മാത്രമാണ് ബാധകം (കിലോലിറ്ററിന് 1,04,927 രൂപ). എങ്കിലും 25% വർദ്ധന ആഭ്യന്തര നിരക്കുകളിലുണ്ടാകാം

 എന്നാൽ, എ.ടി.എഫ് വില വർദ്ധന അന്താരാഷ്‌ട്ര, ചാർട്ടേഡ് സർവീസുകൾക്ക് പൂർണമായും ബാധകം. ടിക്കറ്റ് നിരക്കിന്റെ 40% ഇന്ധന വിലയെ അടിസ്ഥാനമാക്കിയാണ്

 വിമാന ഇന്ധനത്തിന് ഇതിനു മുമ്പ് വില കൂട്ടിയത് 2022 റഷ്യ-യുക്രെയിൻ സംഘർഷത്തെ തുടർന്നാണ് (കിലോലിറ്ററിന് ഏകദേശം 1.1 ലക്ഷം രൂപ)

ഗ്യാസ് വില വർദ്ധിപ്പിച്ചെങ്കിലും ഭക്ഷണവില കൂട്ടില്ല. നിലവിൽ ഇരട്ടി വിലയ്ക്ക് കരിഞ്ചന്തയിൽ നിന്നാണ് ഹോട്ടലുകൾ സിലിണ്ടറുകൾ വാങ്ങുന്നത്

- ജി. ജയപാൽ, പ്രസിഡന്റ് ഹോട്ടൽ ആൻഡ്

റസ്‌റ്റോറന്റ് അസോസിയേഷൻ

₹ 2,092

വാണിജ്യ എൽ.പി.ജി

സിലിണ്ടർ വില (കൊച്ചി)

₹160

എക്‌സ്.പി 100 പെട്രോൾ

ലിറ്റർ വില (കൊച്ചി)