കോണ്ടം കിട്ടാനില്ലാത്ത സ്ഥിതി വരും; 8000 കോടിയുടെ വ്യവസായത്തെ ബാധിച്ച പ്രശ്‌നങ്ങള്‍ ഇങ്ങനെ

Wednesday 01 April 2026 10:57 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോണ്ടം (ഗര്‍ഭ നിരോധന ഉറ) വ്യവസായത്തിന് 8000 കോടി രൂപയുടെ മൂല്യമുണ്ട്. എന്നാല്‍ ഇന്ന് ഈ മേഖല സാരമായ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രതിവര്‍ഷം 400 കോടി യൂണിറ്റ് കോണ്ടം നിര്‍മിക്കുന്ന രാജ്യത്ത് വില്ലനായിരിക്കുന്നത് പശ്ചിമേഷ്യന്‍ സംഘര്‍ഷം തന്നെയാണ്. അസംസ്‌കൃതവസ്തുക്കളുടെ ദൗര്‍ലഭ്യവും കുതിച്ചുയരുന്ന ഉത്പാദനച്ചെലവും കാരണം വന്‍ വെല്ലുവിളിയാണ് ഈ മേഖല നേരിടുന്നത്.

കോണ്ടം നിര്‍മിക്കുന്നതിന് ഒഴിച്ച് കൂടാന്‍ കഴിയാത്ത രണ്ട് സാധനങ്ങളാണ് സിലിക്കണ്‍ ഓയിലും അമോണിയയും. നിലവില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് സിലിക്കണ്‍ ഓയിലിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. റബ്ബര്‍ പാല്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ആവശ്യമായ അമോണിയയുടെ വിലയില്‍ 40 മുതല്‍ 50 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനുപുറമെ, പാക്കിംഗിന് ആവശ്യമായ പി.വി.സി., അലുമിനിയം ഫോയില്‍ എന്നിവയുടെ വിലക്കയറ്റവും വിതരണശൃംഖലയിലെ തടസ്സങ്ങളും ഉല്‍പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ കോണ്ടം ഉത്പാദന മേഖലയിലെ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ്. രാജ്യത്തെ വര്‍ദ്ധിച്ച ജനസംഖ്യ കണക്കിലെടുത്ത് കുറഞ്ഞ ചെലവിലാണ് കോണ്ടം വില്‍പ്പന നടക്കുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാതെ തരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്ടം വിലക്കയറ്റം അതിന്റെ ഉപയോഗം കുറയ്ക്കാന്‍ ഇടയാക്കിയാല്‍ കുടുംബസൂത്രണം, ജനസംഖ്യാനിയന്ത്രണം, ലൈംഗികരോഗവ്യാപനം തടയല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.