ഏഷ്യൻ കറൻസികളിൽ പിന്നിലായി രൂപ

Thursday 02 April 2026 12:58 AM IST

മൂല്യത്തിൽ 9.88% ഇടിവ്

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏഷ്യയിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ട കറൻസിയായി രൂപ മാറി. അവലോകന കാലയളവിൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 9.88 ശതമാനം ഇടിവാണുണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധവും ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും തുടർച്ചയായി രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചു. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ രൂപയുടെ മൂല്യം 85.59ൽ ആയിരുന്നു. മാർച്ച് 31ന് ഡോളറിനെതിരെ രൂപ 94.85ലേക്കാണ് താഴ്ന്നത്.

ഇറാൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങൾ വലിയ തോതിൽ പണം പിൻവലിച്ചതാണ് രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിദേശ ഫണ്ടുകൾ ഇന്ത്യയിൽ നിന്ന് 1.74 ലക്ഷം കോടി രൂപയാണ് പിൻവലിച്ചത്. ഇതോടൊപ്പം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതും രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കി. 14 വർഷത്തിനിടെയിലെ ഏറ്റവും വലിയ തിരിച്ചടിയാണ് രൂപ നേരിട്ടത്. ആഗോള തലത്തിൽ തുർക്കിയുടെ ലിറയും അർജന്റീനയുടെ പെസോയും 45 ശതമാനം ഇടിവുമായി ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചു.

പന്ത്രണ്ട് വർഷത്തിനിടെ 62 ശതമാനം ഇടിവ്

2014ൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 58.58ൽ ആയിരുന്നു. ഇന്നലെ രൂപയുടെ മൂല്യം 62 ശതമാനം ഇടിഞ്ഞ് 95.21 വരെ താഴ്ന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമത വർദ്ധിപ്പിക്കാൻ രൂപയുടെ മൂല്യത്തകർച്ച സഹായിച്ചുവെങ്കിലും ഇറക്കുമതി ചെലവ് കൂടാനും ഇടയാക്കി.

ഏഷ്യൻ നാണയങ്ങളുടെ മൂല്യത്തകർച്ച

രൂപ : 9.88 ശതമാനം

യെൻ: 6 ശതമാനം

ഫിലിപ്പീൻ പെസോ: 5.74 ശതമാനം

കൊറിയൻ വൺ: 2.88 ശതമാനം