ആർട്ടിസ്റ്റ് കെ.പി.വെട്ടൂർ, കാലം മായ്ക്കാത്ത ചുവരെഴുത്ത്

Thursday 02 April 2026 12:31 AM IST
ആർട്ടിസ്റ്റ് വെട്ടൂർ കെ പി

കോന്നി : മലയോരത്തെ തി​രഞ്ഞെടുപ്പ് കാലത്തി​ന് വർണാഭ പകർന്ന് വോട്ടഭ്യർത്ഥന നടത്തി​യി​രുന്ന ചുവരുകളും ബാനറുകളും ഒരുക്കി​യി​രുന്ന കലാകാരനാണ് 75 കാരനായ ആർട്ടിസ്റ്റ് കെ.പി.വെട്ടൂർ.

ചി​ഹ്നങ്ങളി​ലൂടെയും ചി​ത്രങ്ങളി​ലൂടെയും തി​രഞ്ഞെടുപ്പ് ഓളം സൃഷ്ടി​ച്ചി​രുന്ന കെ.പി.വെട്ടൂർ എന്ന ചുരുക്കെഴുത്തി​ന് ഇന്നും ജനമനസി​ൽ ഇടമുണ്ട്.

1970ലെ നിയമസഭ തിരഞ്ഞെടുപ്പ് മുതൽ അരനൂറ്റാണ്ടിലേറെ വി​വി​ധ തി​രഞ്ഞെടുപ്പുകളി​ൽ സാന്നി​ദ്ധ്യമായി​ ഈ കലാകാരൻ. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഒരുകാലത്ത് പരസ്യബോർഡുകളിലും ദിശാബോർഡുകളിലും കെ പിയുടെ കയ്യൊപ്പ് കാണാമായിരുന്നു. ഇന്റർനെറ്റിന്റെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും കടന്നുവരവോടുകൂടി ചുവർച്ചി​ത്ര കലാകാരന്മാർ പിൻവാങ്ങിയതോടെ ആർട്ടിസ്റ്റ് കെ.പിയും പിൻവാങ്ങുകയായിരുന്നു.

രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് പത്തനംതിട്ട നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിലും ചുവരുകളിലും ആർട്ടിസ്റ്റ് കെ.പിയുടെ പേരുകൾ കാണാമായിരുന്നു. ജില്ലാ ആസ്ഥാനത്തെ സെൻട്രൽ ജംഗ്ഷനിലെ തുമ്പമൺ ഹോട്ടലിൽ അടുത്ത കാലംവരെ കെ.പി​ വരച്ച ദൈവങ്ങളുടെ ചിത്രങ്ങളുണ്ടായിരുന്നു.

കുഞ്ഞുപിള്ള എന്ന കെ.പി​

വെട്ടൂർ കൊടുവേലിൽ പാപ്പിയുടെയും തിരുമയുടെയും മകൻ കുഞ്ഞുപിള്ളയാണ് പിൽക്കാലത്ത് ആർട്ടിസ്റ്റ് കെ.പിയായി മാറിയത്. മോണോ ആക്ട് കലാകാരൻ, മേക്കപ്പ് ആർട്ടിസ്റ്റ്, നാടക സംവിധായകൻ, കോസ്റ്റ്യൂം ഡിസൈനർ എന്നീ രംഗങ്ങളിലും കെ.പി​ ശോഭിച്ചു. നിരവധി നാടകങ്ങൾക്ക് രംഗപടം ഒരുക്കിയിട്ടുമുണ്ട്. വേലുത്തമ്പി ദളവ മോണോ ആക്ട് 500 ഇൽ അധികം വേദികളിൽ അവതരിപ്പിച്ചു. പരേതയായ മണിയമ്മയാണ് കെ.പിയുടെ ഭാര്യ. മക്കൾ : സജികുമാർ, സിബി.

50 വർഷം പി​ന്നി​ട്ട ചുവരെഴുത്ത് കലാകാരൻ