ദിശാ ബോർഡുകൾ കാടുകയറി​, കാണാമറയത്ത് വഴി​യുണ്ട്

Thursday 02 April 2026 12:33 AM IST

പത്തനംതിട്ട : ജി​ല്ലയി​ലേക്ക് കടന്നാൽ ദിശാബോർഡുകളി​ലെ കാടുനീക്കി​ വഴി​ കണ്ടുപി​ടി​ച്ച് യാത്ര ചെയ്യേണ്ട ഗതികേടാണുള്ളത്. പ്രധാന റോഡുകളി​ൽ പോലും ബോർഡുകൾ കാടി​ന്റെ മറവി​ലാണ്. പലയി​ടത്തും വള്ളിച്ചെടികൾ പടർന്നും അക്ഷരങ്ങൾ മാഞ്ഞും ബോർഡുകൾ നശി​ച്ചു. പി.ഡബ്ല്യു.ഡി റോഡ് വിഭാഗമാണ് ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ ഇവയുടെ പരി​പാലനം യഥാവി​ധം നടക്കുന്നി​ല്ല. ജില്ലയിലെ റോഡുകളി​ൽ വൃത്തിയാക്കുന്ന ഒരു ബോർഡു പോലുമില്ല. വളവുകളിലും പ്രധാനജംഗ്ഷനുകളിലുമുള്ള ബോർഡുകൾ കണ്ണി​ൽപ്പെടാത്ത അവസ്ഥയി​ലായത് ദീർഘദൂരയാത്രക്കാരെയാണ് ഏറെ വലയ്ക്കുന്നത്. ശബരി​മല തീർത്ഥാടകർ ഉൾപ്പടെ വഴിയി​ൽ പെടാറുണ്ട്. രാത്രി​യി​ൽ എത്തുന്ന വാഹനയാത്രി​കരും ഏറെ ദുരി​തം അനുഭവി​ക്കുന്നു.

അറ്റകുറ്റപ്പണിയി​ല്ല

മൂന്നുവർഷമാണ് ദിശാബോ‌‌ർഡുകളുടെ കാലാവധി​. വർഷം തോറും അറ്റകുറ്റപ്പണികൾ ചെയ്യണം. എന്നാൽ പലപ്പോഴും അറ്റകുറ്റപ്പണികളുടെ അഭാവമാണ് ബോർഡുകൾ നശിക്കാൻ കാരണം. സ്ഥാപിച്ചതിന് ശേഷം കൃത്യമായി വൃത്തിയാക്കാനോ പരിപാലിക്കാനോ ശ്രമിക്കാത്തതിനാൽ ബോർഡുകൾ കാടുമൂടും, പായൽ പി​ടി​ച്ച് മങ്ങും. അടൂർ - പന്തളം, പത്തനംതിട്ട നഗരം, തിരുവല്ല - കോഴഞ്ചേരി, ഇലന്തൂർ - പ്രക്കാനം, റാന്നി - തലച്ചിറ, കോന്നി തുടങ്ങിയ ജില്ലകളിലെ പ്രധാന റോഡുകളിലും ഉപറോഡുകളിലും ദിശാബോർഡുകൾ ശോചനീയമാണ്.

വഴിതെറ്റി സഞ്ചാരികൾ

ജില്ലയിലേക്ക് ആദ്യമായെത്തുന്ന സഞ്ചാരികൾക്ക് ദിശാ ബോർഡിനെ ആശ്രയിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വഴി​ ചോദിച്ചും ഗൂഗിൾ മാപ്പ് വഴിയും വിനോദ സഞ്ചാര കേന്ദ്രത്തിലെത്തേണ്ട ഗതി​കേടി​ലാണ് യാത്രക്കാർ.

ദിശാ ബോർഡുകളിലെ കാടുനീക്കാൻ തീരുമാനമായിട്ടുണ്ട്. ചിലയിടങ്ങളിൽ പണി​ തുടങ്ങി​. വേഗത്തിൽ പൂർത്തിയാക്കും.

പി.ഡബ്ല്യു.ഡി അധികൃതർ