കേരളത്തിന് മാറി ചിന്തിക്കാനാവില്ല

Thursday 02 April 2026 1:53 AM IST

എം.വി ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായശേഷം നടക്കുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പ്. ലോക് സഭാ,തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടി നേരിട്ടെങ്കിലും മൂന്നാം ഇടതുസർക്കാർ കേരളത്തിൽ വരുമെന്ന് എം.വി.ഗോവിന്ദൻ ഉറപ്പിക്കുന്നു. ഫെബ്രുവരി ഒന്നിന് കാസർകോട് കുമ്പളയിൽ നിന്ന് വികസന മുന്നേറ്റയാത്രയുമായി പര്യടനം തുടങ്ങിയശേഷം തളിപ്പറമ്പിൽ വീട്ടിൽ പോയിരുന്നോ എന്ന ചോദ്യത്തിന് വീടല്ലേ കേരളം എന്ന് ചിരിച്ചുകൊണ്ട് മറുപടി. ഇന്നലെ കോഴിക്കോട്ട്. നേതാവിനൊപ്പം സഞ്ചരിക്കാൻ എവിടെ വരണമെന്ന് ചോദിച്ചപ്പോൾ ഞാനല്ലല്ലോ നേതാവ് പാർട്ടിയല്ലേയെന്ന് മറുപടി. പാർട്ടി പറയുന്നു ഞാൻ ചെയ്യുന്നു. നിങ്ങൾക്കെപ്പോൾ വേണമെങ്കിലും വരാം. കേരളകൗമുദിയോട് എം.വി ഗോവിന്ദൻ സംസാരിച്ചു തുടങ്ങി...

ഒരു പൊതുയോഗം ബാക്കി പാർട്ടി യോഗങ്ങൾ?

പാർട്ടി സെക്രട്ടറിമാരാണ് തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നത്. പക്ഷേ, മാഷിന്റെ കാര്യത്തിൽ മറിച്ചാണ്. ദിവസം ഒരു പൊതുയോഗം. ബാക്കിയെല്ലാം പാർട്ടിയോഗങ്ങൾ. എന്തുകൊണ്ടാണ് ഈ സമീപനം.?

# പാർട്ടിയെ കരുത്തുറ്റതാക്കുകയാണ് പ്രധാന കർത്തവ്യം. രാവിലെ മുതൽ പങ്കെടുക്കുന്നത് പാർട്ടി മണ്ഡലം കമ്മിറ്റിയോഗങ്ങളിലാണ്. കേരളത്തിന്റെ വികസനപ്രവർത്തനങ്ങളെ നുണകൊണ്ട് മൂടാൻ പ്രതിപക്ഷം ശ്രമിക്കുമ്പോൾ, പാർട്ടി പ്രവർത്തകരെയും നേതാക്കളെയും കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തണം. അവരിലൂടെയാണ് ജനത്തിന്റെ വോട്ടുകൾ ബൂത്തിലേക്ക് വരുന്നത്.

 ഭക്ഷണകാര്യത്തിൽ

കാര്യമായി ശ്രദ്ധിക്കാറില്ലേ...?

എനിക്കു മാത്രമായി ഒരു ഭക്ഷണരീതി പണ്ടേ ഇല്ല. യാത്രകളിൽ കിട്ടുന്നത് കഴിക്കും. പാർട്ടി ഓഫീസ് മുറികളിൽ തങ്ങും. എന്തിനോടാണ് ഇഷ്ടം എന്ന് ചോദിച്ചത് കൊണ്ടുപറയുകയാണ്. ചെറുപയറും കടലയും ഇഷ്ടമാണ്. അരിഭക്ഷണവും ഗോതമ്പും കഴിക്കാറില്ല.അസുഖം ഉള്ളതുകൊണ്ടല്ല. പുലർച്ചെ എഴുന്നേൽക്കും. കുറച്ചുസമയം വ്യായാമം. പിന്നെ യാത്രകൾ. 12മണി കഴിയാതെ ഉറങ്ങാൻ കഴിയാറില്ല.

കോഴിക്കോട് നഗരത്തിലും കൊയിലാണ്ടിയിലും വടകരയിലും പാർട്ടി യോഗങ്ങളിൽ പങ്കെടുത്തശേഷം ഓർക്കാട്ടേരിയിൽ പൊതുയോഗം. അതിനിടെ നിരവധി ഫോൺ കോളുകൾക്ക് മറുപടി. കേരളത്തിൽ ഏറ്റവും പ്രബലമായ പാർട്ടിയുടെ സെക്രട്ടറിയെ വിളിക്കാൻ ആർക്കും വളഞ്ഞ് മൂക്കുപിടിക്കേണ്ട. നേരിട്ട് വിളിച്ചാൽ ആളും വലുപ്പവും നോക്കാതെ സംസാരിക്കും. അതേക്കുറിച്ച് ചോദിച്ചപ്പോൾ, എന്നെ ഒരാൾ വിളിക്കുമ്പോൾ, മാറ്റൊരാളെടുത്താൽ വിളിക്കുന്ന ആളിന് എന്നിലുള്ള വിശ്വാസം നഷ്ടമാവില്ലേ. എന്ത് തിരക്കിനിടയിലാണെങ്കിലും ഫോണെടുക്കും. പറ്റാത്തപ്പോൾ തിരിച്ചുവിളിക്കും അതാണ് ശീലം.

 എന്തുകൊണ്ട് മൂന്നാം സർക്കാരെന്ന് ഉറപ്പിച്ചുപറയുന്നു.?

എന്താണ് പറയാനില്ലാത്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ പത്തുവർഷം മുമ്പ് നിങ്ങൾ കണ്ടതുപോലെയാണോ. ആശുപത്രികൾ, റോഡുകൾ, വ്യവസായ സ്ഥാപനങ്ങൾ, തൊഴിലവസരങ്ങൾ...നഷ്ടത്തിലോടിയ കെ.എസ്.ആർ.ടി.സി വരെ മാറിയില്ലേ. ജനവും മാറി. അതിദരിദ്രരില്ലാത്ത ഏക സംസ്ഥാനം കേരളമല്ലേ. ഞങ്ങൾക്ക് സംശയമില്ല. പിന്നെ, നുണപറയുന്നവരുടെ സംശയങ്ങൾക്ക് മറുപടി പറയാനില്ല.

നട്ടാൽ മുളയ്ക്കാത്ത നുണകൾ ദിവസവും വിളമ്പുകയാണ്. അതൊന്നും പ്രബുദ്ധ ജനത വിശ്വസിക്കില്ല. മുഖ്യമന്ത്രിയാവാൻ കച്ചകെട്ടിയിറങ്ങിയവരെല്ലാം ആ വെള്ളം വാങ്ങിവയ്ക്കുതാണ് നല്ലത്. കേരളത്തിന്റെ മനസ് ഇടതുപക്ഷത്തിനൊപ്പമാണ്. മാറിച്ചിന്തിക്കാനാവില്ല.