ആളെച്ചാരുന്നവരും കണ്ടംവഴി ഓടുന്നവരും

Thursday 02 April 2026 2:56 AM IST

വിവാദങ്ങൾക്ക് ഇന്നലെയും കുറവില്ല. വാദങ്ങളുടെയും സംവാദത്തിന്റെയും പേരിൽ പിണറായി വിജയനും വി.ഡി. സതീശനും പതിവുപോലെ ഏറ്റുമുട്ടി. ആലപ്പുഴയിലെത്തിയപ്പോൾ മുഖ്യമന്ത്രി ജി.സുധാകരനെ കണക്കിന് പരിഹസിച്ചു. അതിന് സതീശനും തിരിച്ചടിച്ചു. അതിനിടെ എഫ്.സി.ആർ.എ ഭേദഗതിയിലെ നിലവിലെ ബിൽ പാസാക്കില്ലെന്ന തീരുമാനം രാജീവ് ചന്ദ്രശേഖറിന് കച്ചിത്തുരുമ്പായി. വാദം മറുവാദം തുടരുന്നു.

ആളെച്ചാരി നിലനിൽക്കുന്ന

പാർട്ടിയല്ല സി.പി.എം പിണറായി വിജയൻ

ഏതെങ്കിലും ഒരാൾ പാർട്ടി വിട്ടുപോയാൽ അപ്പാടെ തകർന്നുപോകുന്ന പാർട്ടിയല്ല സി.പി.എം. ഏതെങ്കിലും ആളെച്ചാരി നിലനിൽക്കുന്ന പാർട്ടിയല്ല. അവസരവാദപരമായ നിലപാട് സ്വീകരിച്ച് സുധാകരൻ പോയെന്ന് കരുതി അമ്പലപ്പുഴയിൽ ഒന്നും സംഭവിക്കില്ല. കോൺഗ്രസിന്റെ ദയനീയതയും അപചയവുമാണ് ഇത്തരം ചാക്കിട്ട് പിടിത്തത്തിലൂടെ വ്യക്തമാവുന്നത്. 15000 വോട്ട് തനിക്കുണ്ടെന്നും 5000 ബി.ജെ.പി വോട്ടുകിട്ടുമെന്നുമാണ് സുധാകരൻ പറഞ്ഞത്. അപ്പോൾ അയാൾ കോൺഗ്രസിന്റേയും ബി.ജെ.പിയുടേയും സ്ഥാനാർത്ഥിയല്ലേ. ഇതങ്ങ് തുറന്ന് സമ്മതിച്ചുകൂടെ സതീശന്. ഇതൊക്കെ ഇന്നലെ സംഭവിച്ചതല്ല. കഴിഞ്ഞ കുറേക്കാലമായി സുധാകരനും സതീശനും ബി.ജെ.പിയുമെല്ലാം ആലോചിച്ച് നടത്തിയതാണ്. അമ്പലപ്പുഴയിലെ ആവേശമുള്ള ജനത അവസരവാദികൾക്ക് ഒരു വോട്ടും നൽകില്ല.

നിലപാടിൽ മുഖ്യമന്ത്രിക്ക്

ഇരട്ടത്താപ്പ് വി.ഡി.സതീശൻ

പരസ്പര വിരുദ്ധമായ കാര്യം പറഞ്ഞ് ഇരട്ടത്താപ്പ് കാട്ടുന്നയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. കേരളം ഏറെ ബഹുമാനിക്കുന്ന നേതാവാണ് അന്നും ഇന്നും ജി. സുധാകരൻ. അദ്ദേഹത്തെ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞിട്ടും അപമാനിക്കുന്നതിന് ഒരു കുറവുമില്ല. ജി.സുധാകരനെതിരെ വില കുറഞ്ഞ പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇത്രയും കാലം പാർട്ടിക്കുവേണ്ടി ജീവിച്ചൊരാളെ പുറത്താക്കിയാലെങ്കിലും അപമാനിക്കുന്നത് നിർത്തിക്കൂടെ. സി.പി.എമ്മിൽ നിന്ന് വന്നാൽ കോൺഗ്രസ് പിന്തുണയ്‌ക്കാൻ പാടില്ല. എന്നാൽ മറിച്ചാകാം. ലീഗ് വിട്ട ജലീൽ ഇടതു സ്ഥാനാർത്ഥി ആയില്ലേ. എന്തൊരു ഇരട്ടത്താപ്പാണിത്. മുഖ്യമന്ത്രിയെപ്പോലൊരാളോട് ഫേസ്ബുക്ക് വഴിയൊക്കെ സംവാദം നടത്തിയിട്ട് അവസാനം കുടുക്കിലാവുക നമ്മളല്ലേ. കേസൊക്കെ ഏതുവഴിയാണ് ഉണ്ടാക്കുകയെന്ന് അറിയില്ലല്ലോ.

എഫ്.സി.ആർ.എ വച്ചുള്ള

കച്ചവടം തത്കാലം നിറുത്താം രാജീവ് ചന്ദ്രശേഖർ

എഫ്‌സി.ആർ.എ ഭേദഗതിയിലെ നിലവിലെ ബിൽ പാസാക്കില്ല. ആശങ്കകൾ പരിഹരിച്ച ശേഷമായിരിക്കും നടപ്പാക്കുക. അക്കാര്യത്തിൽ മന്ത്രി തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിലെ മുന്നണികൾ തത്ക്കാലം അത് വിട്ടുപിടിക്കുന്നതാവും നല്ലത്. ഏതെങ്കിലും രീതിയിൽ ഒരു കാര്യമുണ്ടായാൽ അത് എങ്ങനെ ജനങ്ങളുടെ വിഭജനത്തിനായി ഉപയോഗിക്കാമെന്ന് ഗവേഷണം നടത്തുകയാണ് ഇവിടുത്തെ മുന്നണികൾ. എഫ്.സി.ആർ.എയെക്കുറിച്ച് ചർച്ച ഉണ്ടായപ്പോൾ തന്നെ കേരളത്തിൽ ആശങ്കയുണ്ടെന്നും അവരുമായി ചർച്ചനടത്തി സംശയങ്ങൾ ദുരീകരിച്ചശേഷം മാത്രമേ ബിൽ പാസാക്കാവൂ എന്നും ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ്. ഇനിയെങ്കിലും ഇവിടുത്തെ മുന്നണികൾക്ക് മറ്റെന്തെങ്കിലും വികസനം ചർച്ച ചെയ്യാം.