നാടൻ ഏത്തൻ നാടുവിട്ടു!

Thursday 02 April 2026 12:20 AM IST

മൊത്ത വില

(കിലോയ്ക്ക്)

നാടൻ ₹ 82

മറുനാടൻ ₹30

കൊല്ലം: ലഭ്യത കുറയുകയും ഡിമാൻഡ് വർദ്ധിക്കുകയും ചെയ്തതോടെ ഒരിടവേളയ്ക്ക് ശേഷം നാടൻ ഏത്തൻ വില വീണ്ടും വർദ്ധിച്ചു. വേനലിലും വന്യജീവി ആക്രമണത്തിലും വാഴകൾ വലിയതോതിൽ നശിച്ചതാണ് കുലകൾ കുറയാൻ കാരണം. കിലോയ്ക്ക് 82 രൂപയാണ് കഴിഞ്ഞദിവസം കേരളപുരത്തെ വിപണിയിൽ ലഭിച്ചത്.

രണ്ടാഴ്ചയായി ശരാശരി 75- 80 രൂപ വരെ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഓണക്കാലത്തും കിലോയ്ക്ക് 80-90 രൂപ വരെ മൊത്തവില ലഭിച്ചിരുന്നു. പിന്നീട് വില ഇടിഞ്ഞ് 35- 40 രൂപയിലേക്കെത്തി. ഇതോടെ കർഷകന് 30 രൂപ പോലും ലഭിക്കാത്ത സാഹചര്യമുണ്ടായി. വിലയിടിവിന് പുറമേ, മൂപ്പെത്തിയ ഏത്തക്കുലകളിൽ പുള്ളിക്കുത്തുകൾ വ്യാപകമായതും കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. രുചിയെ ബാധിക്കില്ലെങ്കിലും ഇത്തരം കുലകൾ വാങ്ങാൻ കച്ചവടക്കാർ തയ്യാറാകില്ല. ലഭിക്കുന്ന കുലകളിൽ 25 ശതമാനത്തി​ലും ഈ സമയം പുള്ളിക്കുത്ത് ഉണ്ടായിരുന്നെന്ന് ക‌ർഷകർ പറയുന്നു.

എഴുകോൺ, കുണ്ടറ, കിഴക്കൻ മേഖലയിലെ ചീരൻകാവ്​, പുത്തൂർ, പുനലൂർ എന്നിവിടങ്ങളിൽ നിന്നാണ് നാടൻ ഏത്തക്കുലകൾ കൊല്ലം നഗരത്തിലെത്തുന്നത്​. എന്നാൽ അന്നും ഇന്നും തമിഴ്നാട്ടിൽ നിന്നുള്ള ഏത്തയ്ക്കായ്ക്ക് വില കുറവാണ്. മറുനാടൻ ഏത്തന് മൊത്ത വിപണിയിൽ കിലോയ്ക്ക് 30 രൂപയാണ് വില. മറുനാടൻ എത്തക്കുലകൾ വാങ്ങാനാണ് കച്ചവടക്കാർക്കും താൽപ്പര്യം. വയനാട്, പാലക്കാട്​ എന്നിവിടങ്ങളിൽ നിന്നും ജില്ലയിലേക്ക് ഏത്തക്കുലകൾ എത്തുന്നുണ്ട്.

വേനലിൽ വാടിവീണു

 കനത്ത വേനലിൽ വാഴകൾ വാടിവീഴുന്നു

 വെള്ളത്തിന്റെ ലഭ്യത കുറഞ്ഞു

 നാട്ടിലിറങ്ങുന്ന വന്യജീവികളും വാഴകൾ നശിപ്പിക്കുന്നു

 ഏത്തവാഴത്തോട്ടങ്ങൾ വലിയതോതിൽ നശിച്ചു

 ഇത് നാടൻ കുലകളുടെ ലഭ്യത കുറച്ചു

ഞാലിക്കും ചിങ്ങനും 10 രൂപ വർദ്ധിച്ചു

നാടൻ ഏത്തനെ കൂടാതെ ഞാലിപ്പൂവൻ, ചിങ്ങൻപഴം, പൂവൻപഴം, ചെങ്കദളി (കപ്പപ്പഴം) എന്നിവയുടെ വിലയും ഉയർന്നു. പാളയംതോടൻ പഴത്തിന് മാത്രമാണ് നിലവിൽ വില കുറഞ്ഞുനിൽക്കുന്നത്. നേരത്തെ 25 രൂപയായിരുന്ന നാടൻ പാളയംതോടന് നിലവിൽ 20 രൂപയാണ് വില. 40 രൂപയായിരുന്ന ഞാലിപ്പൂവനും 20 രൂപയായിരുന്ന ചിങ്ങൻപഴത്തിനും പത്ത് രൂപ വീതം വില വർദ്ധിച്ചു. ചെങ്കദളിക്ക് കിലോയ്ക്ക് 60 രൂപവരെയാണ് വില.

കാട്ടുപന്നി, കുരങ്ങ് ഉൾപ്പടെയുള്ള വന്യജീവികളുടെ ആക്രമണമാണ് നാടൻ എത്തക്കുലകളുടെ ലഭ്യത കുറച്ചത്. നാളുകൾക്ക് ശേഷം വിലകൂടിയത് കർഷകർക്ക് ആശ്വാസമാണ്.

അനിൽകുമാർ, കർഷകൻ, പെരുമ്പുഴ