കൈക്കൂലി കേസിൽ സീനിയർ സി.പി.ഒയ്ക്ക് 7 വർഷം കഠിനതടവ്

Thursday 02 April 2026 1:14 AM IST

കൊല്ലം: പ്രതിക്ക് അനുകൂലമായി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഏഴു വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പത്തനംതിട്ട കോന്നി വിളയിൽവീട്ടിൽ എ.താജുദ്ദീനെയാണ് (51) കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്.മോഹിത് ശിക്ഷിച്ചത്.

കൈക്കൂലി വാങ്ങിയതിന് മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയും അഴിമതി നിരോധന നിയമപ്രകാരം നാലുവർഷം കഠിനതടവും 10,000 രൂപയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം.

പത്തനംതിട്ട ചെന്നീർക്കര സ്വദേശിക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് അന്വേഷിച്ചത് താജുദ്ദീനാണ്. കേസിൽ പരാതിക്കാരന് അനുകൂലമായി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് 20,000 രൂപ താജുദ്ദീൻ കൈക്കൂലിയായി ആവശ്യപ്പെട്ടു. ആദ്യ ഗഡുവായ 10,000 രൂപ പരാതിക്കാരനിൽ നിന്ന് കൈപ്പറ്റിയ സമയം വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു.

വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. പത്തനംതിട്ട വിജിലൻസ് യൂണിറ്റിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന പി.ഡി.രാധാകൃഷ്ണ പിള്ളയാണ് കുറ്റപത്രം സമർപ്പിച്ചത്.