ട്രഷറിയിൽ 4006 കോടി നീക്കിയിരിപ്പ്; കടക്കെണിയില്ല: മന്ത്രി ബാലഗോപാൽ

Thursday 02 April 2026 1:43 AM IST

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിൽ അല്ലെന്നും 4006 കോടി ബാലൻസ് ട്രഷറിയിൽ ഉണ്ടെന്നും ധനമന്ത്രി കെ. എൻ ബാല​ഗോപാൽ പറഞ്ഞു. മാർച്ച് മാസത്തെ ചെലവ് 21000 കോടിയാണ്.തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 78.12 ശതമാനത്തിലെത്തി. നൽകാനുള്ള 2000 കോടി കൂടി അനുവദിക്കുന്നതോടെ അത് 98 ശതമാനമാവും. അതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ പദ്ധതി ചെലവ് 106.46% ആകും. 2025-2026 വർഷത്തെ ആകെ ചിലവ് 24,723 കോടിയാണ്. സർക്കാർ പണം ചെലവാക്കുന്നില്ലെന്ന വ്യാജ പ്രചാരണം നടക്കുന്നു. രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ പണം ഇല്ലാതെ ട്രഷറി അടച്ചു പൂട്ടുമെന്ന് പറഞ്ഞു. എന്നാൽ പ്രതിസന്ധികൾ ഉണ്ടായിട്ടും എല്ലാം മറികടന്നു. 1.90 ലക്ഷംകോടിക്ക് അടുത്താണ് വാർഷിക ചെലവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം വ്യാജ പ്രചരണങ്ങൾ നടത്തുന്നു. അഞ്ച് വർഷം എല്ലാ കാര്യങ്ങൾക്കും പണം ചെലവാക്കാൻ പറ്റിയെന്നും ക്ഷേമ പെൻഷനുകൾ എല്ലാം കൊടുത്തു തീർക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ്‌ ഭരിക്കുന്ന ഹിമാചൽ വലിയ കടക്കെണിയിലാണ്. പൂർണമായി ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥയാണവിടെ. തെലങ്കാനയിൽ വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷൻ പോലും നൽകാൻ കഴിയാത്ത അവസ്ഥയയാണ് .ഇവരാണ് കേരളം മൊത്തം കുഴപ്പമാണെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.