അപരന്മാർ ജനാധിപത്യത്തെ കൊല്ലുന്നു: ഹൈക്കോടതി നിരീക്ഷണം അഞ്ജലി നായരുടെ ഹർജിയിൽ

Thursday 02 April 2026 1:50 AM IST

കൊച്ചി: തിരഞ്ഞെടുപ്പിൽ അപരന്മാരെ നിറുത്തുന്നത് ജനാധിപത്യത്തെ കൊല്ലുന്നതിന് തുല്യമാണെന്ന് ഹൈക്കോടതി. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി ജനാധിപത്യത്തെ ഇല്ലാതാക്കുന്ന ഈ നടപടി രാഷ്ട്രീയപ്പാർട്ടികൾ അവസാനിപ്പിക്കണമെന്നും കോടതി വാക്കാൽ പറഞ്ഞു.

വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റിൽ പേര് അഞ്ജലി നായർ എന്നാക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരാമർശം.

ജനങ്ങൾക്ക് പരിചിതമായ പേരാണ് ബാലറ്റ് പേപ്പറിൽ ഉണ്ടാകേണ്ടത്. വോട്ടർക്ക് സ്ഥാനാർത്ഥിയെ മനസിലാകാത്തതിന്റെ പേരിൽ വോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നു വിലയിരുത്തിയ കോടതി, അഞ്ജലിയുടെ ആവശ്യം പരിഗണിക്കാൻ റിട്ടേണിംഗ് ഓഫീസറോട് നിർദ്ദേശിച്ചു. ശനിയാഴ്ച രാവിലെ 11 ന് ഹർജിക്കാരിയെ കേട്ട് തീരുമാനമെടുക്കാനാണ് നിർദ്ദേശം.

ബാലറ്റ് പേപ്പറിൽ അഞ്ജലി പി.വി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമാമേഖലയിലും പൊതുവായും അഞ്ജലി നായർ എന്ന് അറിയപ്പെടുന്നതിനാൽ ബാലറ്റ് പേപ്പറിലും അങ്ങനെ വേണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. പ്രചാരണം നടത്തിയതും പോസ്റ്ററടിച്ചതുമെല്ലാം അഞ്ജലി നായർ എന്ന പേരിലാണെന്നും ഹർജിയിൽ വിശദീകരിച്ചിരുന്നു. പേരിൽ മാറ്റം ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടും പരിഗണിക്കാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്.