രഞ്ജിത്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്ക് കുരുക്ക്; നടൻ ബോബി കുര്യനെയും ശാലിനിയെയും ചോദ്യം ചെയ്യും
കൊച്ചി: യുവ നടിയെ കാരവാനിൽ പീഡിപ്പിച്ച കേസിൽ രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സംഭവം നടന്ന കാരവാൻ ഇതിനോടകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്യാരവാനിനുള്ളിൽ സിസിടിവി ഇല്ലാത്തതിനാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.
നടൻ ബോബികുര്യൻ, സഹ സംവിധായിക ശാലിനി എന്നിവരെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. അറസ്റ്റിൽ നിന്നും രഞ്ജിത്തിന് ഒളിവിൽ പോകാൻ ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എസ്ഐടി സംശയിക്കുന്നത്. രണ്ട് അവധി ദിവസങ്ങൾ വരുന്നതിനാൽ ജാമ്യം കിട്ടുന്ന കാര്യങ്ങളടക്കം പ്രശ്നത്തിലാകുമെന്ന് മനസിലാക്കി അറസ്റ്റിൽ നിന്നും രക്ഷപ്പെടാനാണ് രഞ്ജിത്ത് ശ്രമിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതിനായി ബോബിയും ശാലിനിയും സംവിധായകനെ സഹായിച്ചുട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനെ തുടർന്നാണ് ഇവരെ ചോദ്യം ചെയ്യാനിരിക്കുന്നത്.
ജനുവരി 19നായിരുന്നു കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. നിവവിൽ 15 ദിവസത്തെ റിമാൻഡിൽ കഴിയുകയാണ് രഞ്ജിത്ത്. അതേസമയം തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ ഗൂലോചനയുണ്ടെന്നുമാണ് രഞ്ജിത്തിന്റ നിലപാട്. ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടി അദ്ദേഹം സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നും പൊലീസ് കോടതിയിൽ വാദിച്ചു.