'ഞാൻ കളിക്കുന്നത് ആരെയും ബോധിപ്പിക്കാനല്ല', സച്ചിന്റെ മകൻ എന്ന ലേബലിനെക്കുറിച്ച് അ‍‌ർ‌ജുൻ ടെൻഡുൽക്ക‌ർ

Thursday 02 April 2026 11:00 AM IST

മുംബയ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ എന്ന ലേബൽ നൽകുന്ന സമ്മർദ്ദങ്ങളെക്കുറിച്ച് പ്രതികരിച്ച് മകൻ അർജുൻ ടെണ്ടുൽക്കർ. പുറത്തുനിന്നുള്ള ശബ്ദങ്ങൾക്ക് ചെവികൊടുക്കുന്നതിനേക്കാൾ തന്റെ കഠിനാധ്വാനത്തിൽ വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അർജുൻ വ്യക്തമാക്കി. ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അർജുൻ മനസ് തുറന്നത്.

'ആരോടെങ്കിലും എന്തെങ്കിലും തെളിയിക്കാനല്ല ഞാൻ ക്രിക്കറ്റ് കളിക്കുന്നത്, മറിച്ച് കളിയിലുള്ള താൽപ്പര്യം കൊണ്ടാണ്. കഠിനാധ്വാനം ചെയ്യുന്നതിലും കളിയാസ്വദിക്കുന്നതിലുമാണ് എന്റെ ശ്രദ്ധ,'- അർജുൻ പറഞ്ഞു. സച്ചിന്റെ മകൻ എന്ന നിലയിലുള്ള അമിത പ്രതീക്ഷകളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യുവതാരം.

പിതാവ് തന്നെ കൂടാതെ മറ്റൊരു ക്രിക്കറ്റ് താരത്തെ മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തിരഞ്ഞെടുത്തത് യുവരാജ് സിംഗിനെയാണെന്നും അദ്ദേഹത്തിന്റെ ബാറ്റിംഗിനെ താൻ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അർജുൻ പറഞ്ഞു.

2021 മുതൽ 2025 വരെ മുംബയ് ഇന്ത്യൻസിന്റെ ഭാഗമായിരുന്നു അർജുൻ. ഇത്തവണത്തെ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വേണ്ടിയാണ് താരം കളിക്കുന്നത്. മുംബയിൽ പരിമിതമായ അവസരങ്ങൾ മാത്രമാണ് താരത്തിന് ലഭിച്ചത്. സ്വിംഗ് ബൗളിംഗിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ബെഞ്ചിലിരിക്കേണ്ടി വന്നതിലെ നിരാശയും അ‌ർജുൻ മറച്ചുവച്ചില്ല. നന്നായി പന്തെറിഞ്ഞിട്ടും കൂടുതൽ മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിക്കേണ്ടതുണ്ടായിരുന്നു എന്ന ഇന്റർവ്യൂവറുടെ ചോദ്യത്തിനാണ് യുവതാരം മറുപടി നൽകിയത്.

"പിന്നെന്താ, ആർക്കാണ് അങ്ങനെ തോന്നാത്തത്? ആരും വെറുതെ ബെഞ്ചിലിരിക്കാൻ ആഗ്രഹിക്കില്ലല്ലോ. എങ്കിലും കിട്ടുന്ന അവസരങ്ങളിൽ പരമാവധി കഠിനാധ്വാനം ചെയ്യാനും നന്നായി കളിക്കാനുമാണ് എപ്പോഴും ശ്രമിക്കുന്നത്' -അർജുൻ പറയുന്നു. പുതിയ ഫ്രാഞ്ചൈസിക്ക് കീഴിൽ ഈ സീസണിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവ താരം.