സമ്മാനമായി നൽകിയത് ഒരു ലക്ഷത്തിന്റെ കണ്ണട; മകന്റെ മാസവരുമാനം അഞ്ച് ലക്ഷം, അമ്പരന്ന് അമ്മ
മറ്റുള്ളവർക്കായി വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുമ്പോഴും സ്വന്തം കാര്യങ്ങൾക്ക് പരിഗണന നൽകാത്തവരാണ് മിക്ക അമ്മമാരും. അത്തരത്തിൽ തന്റെ അമ്മയെക്കുറിച്ചുള്ള ഒരനുഭവം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സഹീൽ രാജ്‌കുമാർ എന്ന യുവാവ്. ലിങ്ക്‌ഡിൻ പ്രൊഫൈൽ പ്രകാരം വേദിക്‌ക്രാഫ്‌റ്റ് എന്ന സ്ഥാപനത്തിന്റെ മനേജിംഗ് ഡയറക്‌ടറാണ് അദ്ദേഹം. മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയുണ്ടായിരുന്നിട്ടുകൂടി തന്റെ അമ്മ സ്വന്തം ആവശ്യങ്ങൾക്കായി വിലയേറിയ വസ്‌തുക്കളൊന്നും വാങ്ങാറില്ലെന്ന് അദ്ദേഹം പറയുന്നു. തന്റെ അമ്മ ഒരു കണ്ണട വാങ്ങാൻ പോയ കഥയാണ് സഹീൽ പങ്കുവച്ചത്.
കടയിലുണ്ടായിരുന്ന കണ്ണടകളിലൊന്ന് അമ്മയ്‌ക്ക് വളരെയധികം ഇഷ്‌ടമായി. അതവർ വീഡിയോ കോളിലൂടെ കാണിച്ചുകൊടുത്തു. അതിനുശേഷമാണ് ആ കണ്ണടയ്‌ക്ക് ഒരു ലക്ഷത്തിന് മുകളിൽ വിലയാകുമെന്ന് അവർ അറിഞ്ഞത്. മകൻ അത് വാങ്ങാനായി അമ്മയോട് പറഞ്ഞെങ്കിലും അവർ അതിന് സമ്മതിച്ചില്ല. മാസം അഞ്ചോ ആറോ ലക്ഷം രൂപ സമ്പാദിക്കാൻ തുടങ്ങിയാൽ മാത്രം ഇത്തരം വിലകൂടിയ സമ്മാനങ്ങൾ വാങ്ങിത്തന്നാൽ മതിയെന്നായിരുന്നു അമ്മയുടെ പ്രതികരണം.
തന്റെ വരുമാനം അതിനെക്കാൾ കൂടുതലാണെന്ന് അമ്മയ്‌ക്ക് അറിയില്ലായിരുന്നുവെന്നും ഏകദേശം അരമണിക്കൂർ സമയമെടുത്താണ് അമ്മ അക്കാര്യം വിശ്വസിച്ചതെന്നും മകൻ പറയുന്നു. അവസാനം മകന്റെ സമ്മാനമായി അമ്മ ആ കണ്ണട വാങ്ങി. ഇന്ന് വളരെ സന്തോഷകരമായ ദിവസമായിരുന്നെന്നാണ് സാഹിൽ പോസ്റ്റിൽ കുറിച്ചത്.
നിരവധി പേരാണ് പോസ്റ്റിന് ലൈക്ക് ചെയ്‌തിരിക്കുന്നത്. തന്റെ മകൻ വാങ്ങിത്തന്നതാണെന്ന് പറഞ്ഞ് അമ്മ ആ കണ്ണട എല്ലാവരെയും കാണിക്കുമെന്നും ഉപയോഗിക്കാൻ പോകുന്നില്ലെന്നും ഒരാൾ തമാശയായി കമന്റിട്ടു.
😭😭 my mom doesn’t exactly know how much I make. She is well off but never splurges on luxuries for herself. Today she went to buy some glasses, and she VC’d me to show some of the pairs. She liked one of them and it was like $1,200 and went like hell nah. I told her to…
— Sahil (@vedictrades) April 1, 2026