നീലോത്തി ...

Sunday 05 April 2026 1:12 AM IST

'നീലോത്തി' എന്ന തമിഴ് വാക്കിനെ അനിഷ്‌മ അനിൽകുമാർ ചേർത്തുപിടിച്ചതാണ്. ദൂരെ കഴിയുന്ന പ്രണയിനിക്കു വേണ്ടിയുള്ള കാത്തിരിപ്പ് എന്ന് അർത്ഥം. സിനിമ എന്ന പ്രണയിനിയെ കാത്തിരിക്കുകയായിരുന്നു അനിഷ്‌മ . തമിഴിൽ ബഹളം ഒന്നുമില്ലാതെ വന്നു വലിയ വിജയമായി മാറിയ 'സിറൈ"എന്ന അരങ്ങേറ്റ ചിത്രം അനിഷ്മയെ തേടി എത്തിയ ക്രിസ്‌മസ് സമ്മാനമായിരുന്നു. 'സിറൈ"യിൽ സൂരജ് സന്തോഷിന്റെ ശബ്ദത്തിൽ കേട്ട നീലോത്തി എന്ന വിരഹഗാനം മലയാളിയും ഹൃദയത്തിലേറ്റി. തമിഴിൽ ഈ വർഷം ആദ്യമായി 50 കോടി ക്ളബിൽ ഇടംപിടിച്ച 'യൂത്ത്" സിനിമയിൽ പ്ളസ് ടു വിദ്യാർത്ഥി കനകവല്ലിയായി അനിഷ്‌മ പ്രേക്ഷകരുടെ സ്‌നേഹവും ഇഷ്ടവും വാരിക്കൂട്ടുന്നു. തമിഴ് ഛായ നിറഞ്ഞ 'ഭാഗ്യനായിക" എന്ന വിളിപ്പേരും സ്വന്തമാക്കി. എെ ആം കാതലൻ,​ മരണമാസ്സ് എന്നീ സിനിമകളിൽ നായികയായി മലയാളി പ്രേക്ഷകരും കണ്ടതാണ്. തമിഴിൽ അഭിനയിച്ച രണ്ടു സിനിമയും ചരിത്രവിജയം നേടിയതിന്റെ ആഹ്ളാദത്തിൽ അനിഷ്മ സംസാരിച്ചു.

'നീലോത്തി" എന്നു വിളിക്കുന്നവരുണ്ടോ?

ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല അങ്ങനെ ഒരു പേര് ചേർത്തു വിളിക്കുമെന്ന്. തീർച്ചയായും അത് ഭാഗ്യം തന്നെയാണ്. ചെന്നൈയിൽ എവിടെ പോയാലും 'നീലോത്തി" എന്നു വിളിക്കാറുണ്ട്. കേൾക്കുമ്പോൾ വലിയ സന്തോഷം ആണ്. സ്വപ്നം കണ്ട ഒരു കാര്യം സംഭവിക്കുന്നതിന്റെ സന്തോഷം. സത്യത്തിൽ ,​ അതു പറഞ്ഞറിയിക്കാനാവില്ല. അത്ര മാത്രം സന്തോഷം തോന്നുന്നു.

പാട്ടിലൂടെ അനിഷ്മയോട് തമിഴ് പ്രേക്ഷകർ കാണിക്കുന്ന ഇഷ്ടവും സ്നേഹവും 'യൂത്തി"ലും ആവർത്തിക്കുകയാണല്ലേ?

തമിഴ് പാട്ടുകളുടെ വലിയ ആരാധികയാണ്. കുട്ടിക്കാലം മുതൽ മലയാളം പാട്ടുകൾ പോലെ തന്നെ തമിഴ് ഗാനങ്ങളും കേൾക്കാറുണ്ട്. തമിഴിൽ തുടക്കം കുറിച്ചപ്പോൾ തന്നെ അഭിനയിച്ച സിനിമയിലെ പാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചത് ഭാഗ്യം ആണ്. സിറൈയിലെ നീലോത്തിയും യൂത്തിലെ 'മുട്ടക്കലക്കി"യും ആളുകൾക്ക് ഇഷ്ടപ്പെടുന്നതു കാണുമ്പോൾ ഭയങ്കര സന്തോഷമുണ്ട്. രണ്ട് പാട്ടും മലയാളികളുംഏറ്റെടുത്തു.

മലയാളം പോലെ ഒഴുക്കോടെ തമിഴും സംസാരിക്കാൻ കഴിയുമോ?

തമിഴ് മുൻപേ തന്നെ ഇഷ്ടം ആണ്. പുതിയ ഒരു ഭാഷ പഠിക്കാൻ താല്പര്യമാണ്. മലയാള സിനിമകൾ പോലെ തന്നെ തമിഴ് സിനിമകളും കാണുമായിരുന്നു. തമിഴ് സിനിമകൾ കണ്ടാണ് ഭാഷ പഠിച്ചെടുത്തതാണ്. എനിക്ക് തോന്നുന്നു, മിക്ക മലയാളികൾക്കും തമിഴ് സംസാരിക്കാൻ അറിയാമെന്ന്. എന്റെ സുഹൃത്തുക്കൾക്ക് തമിഴ് അറിയാം. തമിഴ് സിനിമകൾ കണ്ടു ശീലിച്ചതിനാൽ എനിക്ക് തമിഴ് എഴുതാനും വായിക്കാനും അറിയാം.

അനിഷ്‌മയുടെ നിഷ്കളങ്കമായ ചിരിയുടെ ആരാധകനാണ് താൻ എന്ന് നടൻ ധനുഷ് നേരിട്ടു പറഞ്ഞപ്പോൾ എന്തു തോന്നി?

ഇതിന് എന്ത് പറയണമെന്ന് ഇപ്പോഴും എനിക്ക് അറിയില്ല (ചിരി). ധനുഷിന്റെ വലിയ ആരാധികയാണ് ഞാൻ. ഒന്നു നേരിൽ കണ്ടാൽ മതി എന്ന വലിയ ആഗ്രഹത്തിൽ ആണ് 'യൂത്തി"ന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കുന്നത്.എന്നെ പോലെ ഒരു തുടക്കക്കാരിയെ ധനുഷ് സാർ അംഗീകരിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. അപ്പോഴാണ് എന്റെ ചിരിയെപ്പറ്റി നല്ല വാക്കുകൾ പറയുന്നത്. അത് എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. ധനുഷ് സാറിനൊപ്പം അഭിനയിക്കണമെന്ന് വലിയ ആഗ്രഹം ആണ്. നടക്കുമോ ഇല്ലയോ എന്ന് അറിയില്ലെങ്കിലും ഇങ്ങനെ ഒരു നല്ല ഓർമ്മ കാത്തുസൂക്ഷിക്കും. അഭിനയത്തിൽ എന്നെ ഒരുപാട് സ്വാധീനിച്ച നടൻ ആണ് . ധനുഷ് സാറിനെ നേരിട്ട് കണ്ടപ്പോൾ ഒരു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു. എന്നാൽ, പ്രതീക്ഷിക്കാതെ എന്റെ ചിരിയെ പ്രശംസിച്ചു.

തിരുവനന്തപുരത്തെ ഒരു ഗ്രാമപ്രദേശത്ത് സിനിമ സ്വപ്നം കണ്ടപ്പോൾ ഇത്രത്തോളം പ്രതീക്ഷിച്ചതാണോ?

ഒട്ടും പ്രതീക്ഷിച്ചതല്ല. എന്നാൽ ഒരുപാട് ആഗ്രഹിച്ചു. എന്നെങ്കിലും നല്ല ഒരു സിനിമ നടിയായി മാറാൻ ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോൾ സംഭവിച്ചതൊന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. എന്തോ ഒരു ഭാഗ്യം വന്നുചേർന്നതിന്റെ അനുഗ്രഹം. അതിന് ദൈവത്തിനോട് നന്ദി പറയുന്നു. അച്ഛൻ, അമ്മ, സുഹൃത്തുക്കൾ,​ പ്രേക്ഷകർ എല്ലാവരോടും നന്ദിയുണ്ട്.

സിനിമ കുടുംബത്തിൽ നിന്നുവരുന്ന അക്ഷയ്‌കുമാറിനും കെൻ കരുണാസിനും ഒപ്പം അഭിനയിച്ചപ്പോൾ എന്തു പഠിക്കാൻ സാധിച്ചു?

രണ്ടുപേരും കഠിനാദ്ധ്വാനം പുലർത്തുന്നവർ. ഇത്രയും ചെറു പ്രായത്തിൽ തന്നെ സിനിമയോട് കാണിക്കുന്ന ആത്മാർത്ഥത തന്നെയാണ് രണ്ടുപേരെയും ഇപ്പോഴത്തെ പ്രശസ്തിയിൽ എത്തിച്ചത്. രണ്ടുപേരും നല്ല സുഹൃത്തുക്കൾ. വേറൊരു നാട്ടിലെ കുട്ടി എന്ന തോന്നൽ അവരോടൊപ്പം അഭിനയിച്ചപ്പോൾ അനുഭവപ്പെട്ടില്ല. രണ്ടുപേരും നൽകിയ പിന്തുണ വളരെ വലുതാണ്.

വലിയ ഒരു സിനിമാ കുടുംബത്തിൽ നിന്ന് വരുന്നവരാണെങ്കിലും അതു വിനിയോഗിക്കാതെ നന്നായി കഷ്ടപ്പെട്ടാണ് സിറൈയിലെ യൂത്തിലെ നേടിയെടുത്തതും ശരീര പ്രകടനം കാഴ്ചവച്ചതും.

മലയാളത്തിൽ ഇനി എപ്പോഴായിരിക്കും?

അറിയില്ല. മലയാളത്തിൽ അഭിനയിക്കണമെന്ന് വലിയ ആഗ്രഹം ആണ്. അഭിനയിച്ച മൂന്നു സിനിമയിലും ഓഡിഷൻ വഴി തിരഞ്ഞെടുത്തതാണ്. മലയാളത്തിൽ നിന്ന് നല്ല ഒരു വിളി വരുന്നതിന് കാത്തിരിക്കുന്നു.

'റോസ്‌ലിൻ" വെബ് സീരിസിന്റെ ഭാഗമായി?

ചെറിയ വേഷം ഉണ്ടെന്ന് പറഞ്ഞു സംവിധായകൻ സുമേഷ് ചേട്ടൻ ( സുമേഷ് നന്ദകുമാർ )​ വിളിച്ചു. കഥാപാത്രം ഇഷ്ടപ്പെട്ടു. നിർമ്മാണം ഹോട്‌സ്റ്റാർ. വിനയ് ചേട്ടൻ (വിനായക് ശശികുമാർ) തിരക്കഥ. മീന മാം, വിനീത് സാർ, സഞ്ജന എന്നിവർ എല്ലാം അഭിനയിക്കുന്നുയഅപ്പോൾ തന്നെ അതിന്റെ ഭാഗമാകണമെന്ന് തീരുമാനിച്ചു.

ജീവിതം മാറിയോ ?

കുറച്ചു മാറി. ഒരുപാട് ആഗ്രഹിച്ചതാണ് നല്ല നല്ല സിനിമയുടെ ഭാഗമാകണമെന്നും വലിയ നടിയാകണമെന്നും. കുട്ടിക്കാലം മുതൽ ഇതു മാത്രമായിരുന്നു ആഗ്രഹം. ഇപ്പോൾ അതു നടക്കുമ്പോൾ സന്തോഷം ആണ്. കാത്തിരുന്നു കാത്തിരുന്ന് കിട്ടിയതാണ് ഇതെല്ലാം. അതിലാണ് എന്റെ സന്തോഷം. ഇപ്പോൾ കാത്തിരിപ്പ് കുറച്ചു കുറഞ്ഞിട്ടുണ്ട്. കുറച്ചു ആളുകൾക്ക് ഇഷ്ടപ്പെടുന്ന സിനിമയിൽ അഭിനയിക്കാൻ പറ്റുന്നു. നായികയായി, അല്ലെങ്കിൽ അഭിനേത്രി എന്ന സ്വപ്നം നടന്നു എന്നത് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. സിനിമയിൽ അഭിനയിക്കാതെ വീട്ടിൽ നിന്ന സമയത്ത് ഞാൻ വിചാരിച്ചത് വയസാകുമ്പോൾ ഓർത്ത് വിഷമിക്കാൻ പോകുന്ന സ്വപ്നം ആയിരിക്കും എനിക്ക് സിനിമ എന്നായിരുന്നു. സ്വപ്നം യാഥാർത്ഥ്യമായി എന്നു തിരിച്ചറിയുന്നതിൽ വലിയ സന്തോഷം.