'നേമത്തുനിന്ന്  ബിജെപി  എംഎൽഎ  വന്നാൽ  കേന്ദ്രവുമായി  സഹകരിച്ച്  ത്രീ  ടയർ  വികസനം'; മാർഗരേഖയുമായി രാജീവ് ചന്ദ്രശേഖർ

Thursday 02 April 2026 4:42 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേമം മണ്ഡലത്തിൽ വികസന മാർഗരേഖ അവതരിപ്പിച്ച് എൻഡിഎ സ്ഥാനാനാർത്ഥി രാജീവ് ചന്ദ്രശേഖർ. മാർഗരേഖ വെറുമൊരു പ്രഖ്യാപനമല്ലെന്നും ജനങ്ങളുമായുള്ള സോഷ്യൽ കോൺട്രാക്ടാണെന്നും രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മണ്ഡലത്തിൽ ഇതുവരെ കണ്ടുസഹിച്ച രാഷ്ട്രീയത്തിന് മാറ്റം കൊണ്ടുവരാനാണ് മത്സരിക്കുന്നത്. നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് മാർഗരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആറ്റുകാൽ ടൗൺഷിപ്പ് നിർമാണം, കിരീടം പാലം നവീകരിച്ച് സാംസ്‌കാരിക - വാണിജ്യ കേന്ദ്രമാക്കുക, വിജയമോഹിനി മിൽ നവീകരിക്കുക വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവയാണ് മാർഗരേഖയിലെ പ്രധാന വാഗ്ദാനങ്ങൾ.

വെള്ളായണി കായലിനെ ആധുനിക വിനോദസഞ്ചാരകേന്ദ്രമാക്കും, ആരോഗ്യ- കായിക മേഖലകളിൽ വൻ വികസനങ്ങൾ കൊണ്ടുവരും. തിരുവനന്തപുരം കോർപറേഷൻ ഭരിക്കുന്നത് ബിജെപിയായതിനാൽ നേമത്തുനിന്ന് ഒരു ബിജെപി എംഎൽഎ കൂടിയുണ്ടായാൽ കേന്ദ്രവുമായി സഹകരിച്ച് ത്രീ ടയർ വികസനത്തിലൂടെ മണ്ഡലത്തെ മാറ്റിയെടുക്കാൻ സാധിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.