'കേരളത്തെ ദാരിദ്ര്യമുക്തമാക്കും, പഠിച്ചിറങ്ങിയ എല്ലാവർക്കും തൊഴിൽ ഉറപ്പാക്കും, സിപിഎമ്മിന്റേത് വെറുംവാക്കല്ല'

Thursday 02 April 2026 4:52 PM IST

കോഴിക്കോട്: നടപ്പിലാക്കുന്ന കാര്യങ്ങൾ മാത്രമാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തെ ദാരിദ്ര്യ മുക്ത സംസ്ഥാനമാക്കുമെന്നും തൊഴിൽ ഇല്ലാത്തവർക്ക് തൊഴിൽ നൽകുമെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'കോൺഗ്രസും ബിജെപിയുമൊക്കെ കാലാകാലം പാർലമെന്റ് തിരഞ്ഞെടുപ്പിനും നിയമസഭാ തിര‌ഞ്ഞെടുപ്പിനുമെല്ലാം പ്രകടനപത്രിക അവതരിപ്പിക്കാറുണ്ട്. അതൊന്നും നടപ്പിലാക്കുന്ന പരിപാടികളായിട്ടല്ല, പ്രചാരണായുധമായാണ് ഉപയോഗിക്കുന്നതെന്ന് അവർതന്നെ എല്ലാക്കാലത്തും പറഞ്ഞിട്ടുള്ളതാണ്. നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഇന്ത്യയിലെ ഏക സർക്കാർ കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. പറയുന്നതെല്ലാം നടപ്പിലാക്കും എന്നതാണ് അതിന്റെ ഗ്യാരന്റി.

കേരളത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടാകാൻ പോകുന്നത്. യുഡിഎഫിന് വേണ്ടി നടത്തിയ സർവേ പോലും ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് പറയേണ്ടിവരുന്ന പുതിയ സാഹചര്യമാണ് യഥാർത്ഥത്തിൽ കേരളത്തിലുള്ളത്. എൽഡിഎഫ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിദാരിദ്ര്യം അവസാനിപ്പിച്ച കേരളത്തിൽ ദാരിദ്ര്യം തന്നെ അവസാനിപ്പിക്കും എന്നതാണ്.

തൊഴിലില്ലായ്‌മ പരിഹരിക്കും എന്നുള്ളത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉന്നമാണ്. പഠിച്ചിറങ്ങുന്ന ഓരോരുത്തർക്കും തൊഴിൽ നൽകുന്ന പദ്ധതി എൽഡിഎഫ് നടപ്പാക്കാൻ പോവുകയാണ്. ജോലിയില്ലാതിരിക്കുന്ന സ്‌ത്രീകളിൽ അൻപത് ശതമാനത്തിലധികം ആളുകൾക്കും ജോലി നൽകാൻ പോവുകയാണ്. ക്ഷേമപെൻഷൻ 3000 ആക്കി വർദ്ധിപ്പിക്കാൻ പോവുകയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇത് 600 രൂപയായിരുന്നു '- എം വി ഗോവിന്ദൻ പറഞ്ഞു.