റോറോ യാത്രക്കാർ ജാഗ്രതൈ, ഇന്ന് സർവീസ് മുടക്കം

Friday 03 April 2026 1:42 AM IST

മുടങ്ങുന്നത് ഫോർട്ടുകൊച്ചി - വൈപ്പിൻ റൂട്ടിലെ സർവീസ്

ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി - വൈപ്പിൻ റൂട്ടിലെ രണ്ട് റോറോ സർവീസുകളും ഇന്നുണ്ടാകില്ല. ഒരു റോറോയുടെ അറ്റകുറ്റപ്പണിയും വൈപ്പിനിൽ റോറോ അടുക്കുന്ന ജെട്ടിയുടെ കോൺക്രീറ്റ് ജോലികളും നടക്കുന്നതാണ് കാരണമായി പറയുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് നേരത്തെ ജെട്ടികളിൽ വച്ചിരിക്കുന്നതിനാൽ സ്ഥിരംയാത്രക്കാർ ഇന്ന് റൂട്ടുമാറ്റി സഞ്ചരിക്കുമെങ്കിലും ഇതറിയാതെ എത്തുന്നവർ പാടുപെടും. അവർ തോപ്പുംപടിയിലൂടെ വേണം എറണാകുളം ഭാഗത്തെത്താൻ. വൈപ്പിനിലെത്തുന്നവർ ഗോശ്രീ പാലങ്ങളിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ചുവേണം റോറോയിൽ പത്തുമിനിട്ടുകൊണ്ട് എത്തേണ്ട ഫോർട്ടുകാെച്ചിയിലെത്താൻ. ഇതിലൂടെ യാത്രക്കാർക്ക് ധനനഷ്ടവും സമയനഷ്ടവും ഉണ്ടാക്കും. രണ്ട് റോറോ വെസലുകളാണ് ഇതിലൂടെ സർവീസ് നടത്തുന്നത്.

ദു:ഖവെള്ളിയാഴ്ചയായ ഇന്ന് നൂറ് കണക്കിനുപേർ പള്ളികളിലെ ചടങ്ങിനെത്തുന്ന ദിവസം റോറോ സർവീസ് നിർത്തിവയ്ക്കുന്നത് ദുരിതമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സാധാരണ ഒരു റോ റോ അറ്റകുറ്റപ്പണിക്ക് കയറ്റിയാൽ ഒരെണ്ണം സർവീസ് നടത്താറാണ് പതിവ്. നേരത്തെ വൈപ്പിനിൽനിന്ന് ഫോർട്ടുകൊച്ചിയിലേക്കും തിരിച്ചും ബോട്ട് സർവീസ് ഉണ്ടായിരുന്നതിനാൽ യാത്രക്കാർക്ക് അനുഗ്രഹമായിരുന്നു. വർഷങ്ങളായി ബോട്ട് സർവീസ് നിറുത്തിവച്ചിരിക്കുകയാണ്. റോ റോ ഇല്ലാതാകുന്നതോടെ വാഹന യാത്രക്കാരും ദുരിതത്തിലാകും. ഒരു റോ റോ എങ്കിലും ഇന്ന് സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അധികാരികൾ സത്വര നടപടി സ്വീകരിക്കണമെന്ന് മുൻ കൗൺസിലർ ആന്റണി കുരീത്തറ ആവശ്യപ്പെട്ടു.