മംഗലംഡാം സെക്ഷനിൽ തേക്കിൻതോട്ടം മുറിക്കും

Friday 03 April 2026 1:31 AM IST
മംഗലംഡാം വനം സെക്ഷന് കീഴിലുള്ള തേക്ക് മുറിച്ചപ്പോൾ.

 60 വർഷം പഴക്കമുള്ള മരങ്ങൾ വിപണിയിലേക്ക്

 മുറിച്ചുനീക്കുന്നത് 25 ഹെക്ടറിലെ തേക്കിൻ തോട്ടം

  • ഗുണനിലവാരമനുസരിച്ച് അസംസ്‌കൃത തേക്ക് ഒരു ചതുരശ്ര അടി: 1,800-7,000 രൂപ
  • ഫർണിച്ചർ തേക്കുരുപ്പടികൾക്ക് ക്യൂബിക് മീറ്ററിന്: 25,000 രൂപ

വടക്കഞ്ചേരി: ഉയർന്ന ഗുണമേന്മയുള്ള തേക്ക് വിപണിയിലെത്തിക്കാൻ നടപടി തുടങ്ങി വനംവകുപ്പ്. മംഗലംഡാം വനം സെക്ഷന് കീഴിലുള്ള തേക്കിൻ തോട്ടത്തിലെ 60 വർഷത്തിലേറെ പഴക്കമുള്ള മരങ്ങൾ മുഴുവൻ മുറിച്ച് തടി ഉരുപ്പടികളായി വിപണിയിൽ എത്തിക്കാനാണ് തീരുമാനം.

25 ഹെക്ടർ വ്യാപ്തിയുള്ള പരമ്പരാഗത (യു.ടി.ടി) തേക്കിൻ തോട്ടമാണ് പൂർണമായും മുറിച്ചു നീക്കുന്നത്. ഇതിനായുള്ള മരങ്ങളുടെ നമ്പറിടൽ (മാർക്കിംഗ്) നടപടികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. മുറിക്കൽ പ്രവൃത്തികൾക്കായി ദർഘാസ് നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. മുറിച്ചെടുക്കുന്ന തടി വനം ഡിപ്പോകളിലൂടെയും ചെറുകിട വിൽപ്പന കേന്ദ്രങ്ങളിലൂടെയും വിപണിയിലെത്തിക്കും. പശ്ചിമഘട്ടത്തിലെ പറമ്പിക്കുളം വനമേഖലയോട് ചേർന്നുള്ള മംഗലംഡാം മേഖലയിലെ തേക്കിന് ഉയർന്ന ആവശ്യകതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

സ്വാഭാവിക വനം പുനരുദ്ധാരണം നടത്തും

തേക്കിൻ തോട്ടം പൂർണമായും മുറിച്ച് നീക്കം ചെയ്ത ശേഷം പ്രദേശത്ത് സ്വാഭാവിക വനം പുനരുദ്ധാരണത്തിന് പദ്ധതിയുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഈട്, ഭംഗി എന്നിവയുള്ള തേക്കിന് ഈ വർഷം അവസാനത്തോടെ അഞ്ച് ശതമാനം വരെ വില വർദ്ധന ഉണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് വനംവകുപ്പ് മുറിക്കൽ നടപടി വേഗത്തിലാക്കുന്നത്. ഉയർന്ന വരുമാനം ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനൊപ്പം പരിസ്ഥിതി പുനരുദ്ധാരണവും ഉറപ്പാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.