സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വക വെടിക്കെട്ട്; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

Thursday 02 April 2026 9:26 PM IST

കൊല്‍ക്കത്ത: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പതിവ് ബാറ്റിംഗ് ശൈലി തുടര്‍ന്നപ്പോള്‍ ഈഡനില്‍ പിറന്നത് കൂറ്റന്‍ സ്‌കോര്‍. സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടിറങ്ങുന്ന കൊല്‍ക്കത്തയ്ക്ക് വിജയലക്ഷ്യം 227 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ എന്നിവര്‍ നല്‍കിയ മികച്ച തുടക്കമാണ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്ലാസന്‍ ആണ് ടോപ് സ്‌കോറര്‍.

34 പന്തുകളില്‍ നിന്ന് 82 റണ്‍സാണ് ട്രാവിസ് ഹെഡ് 46(21) - അഭിഷേക് 48(21) സഖ്യം നേടിയത്. ഹെഡിനെ പുറത്താക്കി കാര്‍ത്തിക് ത്യാഗിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ബ്ലെസിംഗ് മുസറബാനിയുടെ പന്തില്‍ അഭിഷേകും പുറത്തായി. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ 14(9), അനികേത് വര്‍മ്മ 1(4) എന്നിവര്‍ കൂടി പുറത്തായതോടെ 118ന് നാല് എന്ന നിലയിലേക്ക് ഹൈദരാബാദ് വീണു. അഞ്ചാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസന്‍ 52(35), നിതീഷ് കുമാര്‍ റെഡ്ഡി 39(24) സഖ്യം 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

സലീല്‍ അറോറ റണ്ണൊന്നും നേടാതെയും ശിവാംഗ് കുമാര്‍ 4(2) റണ്‍സുമെടുത്ത് പുറത്തായപ്പോള്‍ ഹര്‍ഷ് ദൂബെ ഒമ്പത് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ബ്ലെസിംഗ് മുസറബാനി നാല് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ വൈഭവ് അറോറ രണ്ട് വിക്കറ്റ് വീഴ്ത്തി. കാര്‍ത്തിക് ത്യാഗിക്കും അനുകൂല്‍ റോയിക്കും ഓരോ വിക്കറ്റ് വീതം കിട്ടി. രണ്ട് ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയിരുന്നു. കൊല്‍ക്കത്ത മുംബയോടും ഹൈദരാബാദ് ബംഗളൂരുവിനോടുമാണ് തോറ്റത്.