വ്യവസായ ഇടനാഴിയുടെ ക്രെഡിറ്റിനെ ചൊല്ലി ത‌ർക്കം

Friday 03 April 2026 1:58 AM IST
കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി

 തിരഞ്ഞെടുപ്പ് വിഷയമാക്കി എൽ.ഡി.എഫും എൻ.ഡി.എയും

കഞ്ചിക്കോട്: മലമ്പുഴ നിയോജക മണ്ഡലത്തിൽ കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയും മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാകുന്നു. പാലക്കാട് ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് നിറം പകരുന്ന പദ്ധതിയുടെ ക്രെഡിറ്റ് ആർക്ക് എന്നതിനെ ചൊല്ലിയാണ് തർക്കം. വ്യവസായ ഇടനാഴി കടന്ന് പോകുന്നത് മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി പഞ്ചായത്തിലൂടെയാണ്. സി.പി.എമ്മും ബി.ജെ.പിയും ഒരു പോലെ തങ്ങളുടെ നേട്ടമായി ഈ വിഷയത്തെ അവതരിപ്പിക്കുന്നു. സി.പി.എം സ്ഥാനാർത്ഥി എ.പ്രഭാകരൻ എം.എൽ.എയുടെ വികസന രേഖയിൽ തന്നെ പദ്ധതി എം.എൽ.എയുടെയും സർക്കാരിന്റെയും നേട്ടമായി അവതരിപ്പിച്ചിട്ടുണ്ട്. പദ്ധതി വന്നത് കേന്ദ്ര സർക്കാരിന്റെ നേട്ടമായാണ് ബി.ജെ.പി അവതരിപ്പിക്കുന്നത്. എം.എൽ.എയുടെ വികസന രേഖയെ പ്രതിരോധിക്കാൻ പടുകൂറ്റൻ ബോർഡുകൾ സ്ഥാപിച്ച് മറു പ്രചാരണം നടത്തുകയാണ് ബി.ജെ.പി. പാലക്കാടിന്റെ സ്വപ്ന പദ്ധതിക്കായി 1710 ഏക്കർ സ്ഥലം ഏറ്റെടുത്തത് സംസ്ഥാന സർക്കാർ ആണെന്നാണ് സി.പി.എം ചൂണ്ടിക്കാണിക്കുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ് സ്ഥലമെടുപ്പ് വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞതെന്നും സി.പി.എം അവകാശപ്പെടുന്നു. 1489 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ച് ഏറ്റെടുത്ത സ്ഥലം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും വ്യവസായ മന്ത്രി പി.രാജീവും സന്ദർശിക്കുന്ന ചിത്രം വികസന രേഖയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ വ്യവസായ ഇടനാഴി കേന്ദ്ര പദ്ധതിയാണെന്നും ഇതിന്റെ ക്രെഡിറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നുമാണ് ബി.ജെ.പി നിലപാട്. വ്യവസായ ഇടനാഴിയിലൂടെ അമ്പതിനായിരം പേർക്ക് തൊഴിൽ എന്ന് രേഖപ്പെടുത്തിയ പടുകൂറ്റൻ ബോർഡുകൾ മലമ്പുഴ നയോജക മണ്ഡലത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ബോർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ ഫോട്ടോയും വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയും രേഖപ്പെടുത്തിയിട്ടുണ്ട്. കവല യോഗങ്ങളിലും പ്രചാരണ പരിപാടികളിലും വ്യവസായ ഇടനാഴിയുടെ പിതൃത്വത്തെ ചൊല്ലി വാഗ്വാദങ്ങൾ മുറുകുന്നുമുണ്ട്. അതേസമയം വ്യവസായ ഇടനാഴി സംബന്ധിച്ച് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളോ പ്രചാരണങ്ങളോ വന്നിട്ടില്ല.