വിവാദ ബില്ലിന് അംഗീകാരം,​ കേന്ദ്ര പൊലീസ് സേന: ഉന്നത തസ്‌തിക ഐ.പി.എസുകാർക്ക്

Friday 03 April 2026 12:00 AM IST

ന്യൂഡൽഹി: കേന്ദ്ര പൊലീസ് സേനകളിലെ ഉന്നത പദവികളിൽ ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ അധികാരം നൽകുന്ന ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. സി.എ.പി.എഫ് ജനറൽ അഡ്മിനിസ്ട്രേഷൻ (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് ) ബിൽ ബുധനാഴ്‌ച രാജ്യസഭയിലും ഇന്നലെ ലോക്‌സഭയിലും പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് പാസാക്കിയത്.

കേന്ദ്ര സായുധ പൊലീസ് സേനകളിലെ ഡയറക്ടർ ജനറൽ, സ്പെഷ്യൽ ഡയറക്ടർ ജനറൽ പദവികളിലെല്ലാം ഐ.പി.എസ് ഓഫീസർമാർ വരും. ഇൻസ്പെക്ടർ ജനറൽ റാങ്കിൽ 50 ശതമാനവും അഡിഷണൽ ഡയറക്ടർ ജനറൽ തസ്‌തികകളിൽ കുറഞ്ഞത് 67 ശതമാനവും ഐ.പി.എസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിക്കും. കേസകളുടെ പൂർണ നിയന്ത്രണമാണ് സർക്കാർ ലക്ഷ്യം.

നിലവിൽ അസി. കമാൻഡന്റ് തസ്‌തികയിൽ പ്രവേശിച്ച സ്ഥാനക്കയറ്റം ലഭിക്കുന്നവരാണ് മേൽപ്പറഞ്ഞ തസ്‌തികകളിൽ ജോലി ചെയ്യുന്നത്. ഇവർക്ക് പകരം ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയമിക്കും. തിരഞ്ഞെടുപ്പ് ജോലികളും കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന പ്രത്യേക ദൗത്യങ്ങളും നിർവഹിക്കുന്നത് കേന്ദ്ര സേനയാണ്.

അർദ്ധ സൈനിക വിഭാഗങ്ങളിലടക്കം പുറത്തു നിന്നുള്ളവരുടെ നിയമനം പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. പുതിയ നിയമത്തിലൂടെ അതു മറികടക്കാനും സർക്കാർ ലക്ഷ്യമിടുന്നു. പ്രമോഷൻ സാദ്ധ്യതകൾ ഇല്ലാതാക്കുന്നതിനാൽ സേനയ്‌ക്കുള്ളിൽ ബില്ലിനെതിരെ കടുത്ത പ്രതിഷേധമുണ്ട്. 9ന് കുത്തിയിരിപ്പ് സമരത്തിന് എക്സ്-പാരാമിലിറ്ററി ഫോഴ്‌സ് വെൽഫെയർ അസോസിയേഷൻ ആഹ്വാനം ചെയ്‌തു.