സി.ബി.എസ്.ഇ പഠനം മാറുന്നു,​ 3 മുതൽ 8വരെ  എ.ഐ പഠനം 

Friday 03 April 2026 12:00 AM IST

തിരുവനന്തപുരം: സി.ബി.എസ്.ഇ സ്കൂളുകളിൽ നിർമ്മിതബുദ്ധി അധിഷ്ഠിത പാഠ്യപദ്ധതിക്ക് തുടക്കമാകുന്നു. മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് എ.ഐ യും കമ്പ്യൂട്ടേഷണൽ ചിന്താരീതികളും പഠിപ്പിക്കുന്ന പുതിയ പാഠ്യപദ്ധതി 2026-27 അക്കാ‌‌ഡമിക് വർഷം മുതലാണ് നടപ്പിലാക്കുക.

കുട്ടികളിൽ കേവലം സാങ്കേതിക അറിവ് മാത്രമല്ല, ചിന്താശേഷി വളർത്താനും ലക്ഷ്യമിട്ടുള്ളതാണിത്. ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ഈ പാഠ്യപദ്ധതി ഉയർന്ന ക്ലാസുകളിലേക്കുള്ള എ.ഐ പഠനത്തിന് ശക്തമായ അടിത്തറയൊരുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തുന്നത്. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് പുതിയ പാഠ്യപദ്ധതി ഔദ്യോഗികമായി പുറത്തിറക്കിയത്.

പ്രധാന സവിശേഷതകൾ

1. മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് എ.ഐയുടെ അടിസ്ഥാന തത്വങ്ങൾ ലളിതമായി പഠിക്കാം

2. ലോജിക്കൽ ചിന്ത, പ്രശ്നപരിഹാര ശേഷി, പാറ്റേണുകൾ തിരിച്ചറിയൽ എന്നിവയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക

3. ഗെയിമുകൾ, പസിലുകൾ, വർക്ക്‌ഷീറ്റുകൾ തുടങ്ങിയ നൂതന മാർഗ്ഗങ്ങളിലൂടെയാണ് പഠനം.

4. വലിയ പ്രശ്നങ്ങളെ അതിജീവിക്കാൻ ഇതിലൂടെ പരിശീലനം ളഭിക്കും

 പരീക്ഷാരീതിയിലും മാറ്റം

പ്രായോഗിക അറിവിന് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലായിരിക്കും പരീക്ഷകൾ ക്രമീകരിക്കുക. ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കും അദ്ധ്യാപകരുടെ നിരീക്ഷണത്തിനും വിദ്യാർത്ഥികളുടെ പുരോഗതി വിലയിരുത്തുന്നതിൽ വലിയ പങ്കുണ്ടാകും. സാങ്കേതികവിദ്യയുടെ ഉപഭോഗത്തിനപ്പുറം അതിന്റെ ഉത്തരവാദിത്വപരമായ ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ഡിജിറ്റൽ സാക്ഷരതയും നവീകരണ ശേഷിയും വർദ്ധിപ്പിച്ച് എ.ഐയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിവുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് പ്രധാന ഉദ്ദേശ്യം.