വനിതാ ഹാൻഡ്‌ബാൾ: എം.ജി. യൂണി. ചാമ്പ്യന്മാർ 

Thursday 02 April 2026 11:30 PM IST

കൊച്ചി: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജിൽ നടന്ന ഇന്റർ യൂണി. വനിതാ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരായി. സേലം പെരിയാർ യൂണി​വേഴ്‌സിറ്റിയെ 30 - 34നാണ് തോൽപ്പി​ച്ചത്. സൗത്ത് സോൺ വിജയികളായ എം.ജിക്ക് ഈ വിജയം ഇരട്ടി മധുരമായി​. വൈസ് ചാൻസലർ ഡോ. സി.ടി​. അരവിന്ദകുമാറും മുൻ ഇന്ത്യൻ വോളിബാൾ ടീം ക്യാപ്ടനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫും ചേർന്ന് ട്രോഫി​കൾ വിതരണം ചെയ്തു. പെരിയാർ യൂണി​വേഴ്‌സിറ്റി രണ്ടാം സ്ഥാനവും കാലിക്കറ്റ് യൂണി​വേഴ്‌സിറ്റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെരിയാർ യൂണി​വേഴ്‌സിറ്റിയിലെ സംഗീത പ്ലേയർ ഒഫ് ദി ടൂർണമെന്റായി. ടോപ് സ്‌കോററായി മേനകയും മികച്ച ഗോൾകീപ്പറായി ഭുവനയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഡിഫൻഡറിനുള്ള പുരസ്‌കാരം എം.ജിയി​ലെ അഞ്ജുവി​നാണ്.

സമാപന സമ്മേളനത്തിൽ കോളേജ് മാനേജർ എ.ഡി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി കെ.കെ. അരുൺ കാന്ത്, വൈസ് പ്രസിഡന്റ് അനില സാബു, മുൻ മാനേജർ ഇ.എൻ. മണിയപ്പൻ, വൈസ് പ്രിൻസിപ്പൽ കെ.എൻ. ശ്രീകാന്ത്, അക്കാഡമിക് കോ-ഓർഡി​നേറ്റർ സുരേഷ് എം. വേലായുധൻ, യൂണിയൻ കമ്മിറ്റി മെം‌ബർ അഭിലാഷ് കൊല്ലംപറമ്പിൽ, ടെക്‌നിക്കൽ കമ്മിറ്റി കൺവീനർ ഡോ. ഷാജി ജോസ്, സി.ആർ. അജേഷ് എന്നിവർ സംബന്ധിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.എസ്. ഉല്ലാസ് സ്വാഗതവും കോളേജ് കായിക വിഭാഗം മേധാവി വി​.കെ. ബിജുമോൻ നന്ദിയും പറഞ്ഞു. ,