'അൻപുള്ള തായ്മാർകളേ,​ സഹോദര,​ സഹോദരിമാർകളേ... വരപ്പോകിറ തേർതലിൽ ....

Thursday 02 April 2026 11:56 PM IST
w

തമിഴ് വംശജരായ തോട്ടം തൊഴിലാളികൾക്ക് വേണ്ടി തമിഴിൽ പ്രചാരണം

കോന്നി : 'അൻപുള്ള തായ്മാർകളേ,​ സഹോദര,​ സഹോദരിമാർകളേ... വരപ്പോകിറ തേർതലിൽ .... ' തിരഞ്ഞെടുപ്പ് ചൂടിൽ ഗവിയിലും കുമ്പഴയിലുമാണ് തമിഴ് അനൗൺസ്മെന്റ്. ഗവിയിലെയും മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റിലെയും തോട്ടം തൊഴിലാളികളായ വോട്ടർമാർക്ക് വേണ്ടിയാണിത്. ജില്ലയിൽ തമിഴിൽ പ്രചാരണം നടക്കുന്ന ഏക മണ്ഡലം കോന്നിയാണ്.

സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ ഗവിയിൽ രണ്ട് ബൂത്തുണ്ട്. കൊച്ചുപമ്പയും ഗവിയും. ഇവിടങ്ങളിലായി 613 വോട്ടർമാരുണ്ട്. ഭൂരിഭാഗവും തമിഴ് വംശജരാണ്. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ഉൾപ്പെടുന്ന ഹാരിസൺ മലയാളം പ്ളാന്റേഷനിൽ 654 വോട്ടർമാരാണുള്ളത്. ഇതിൽ 600 പേരും തമിഴ് വംശജരാണ്. സ്ഥാനാർത്ഥികളുടെ അഭ്യർത്ഥനങ്ങളും അനൗൺസ്മെന്റുകളുമെല്ലാം മലയാളത്തിനൊപ്പം തമിഴിലുമാണ്. വോട്ട് തേടി എത്തുന്ന സ്ഥാനാർത്ഥികളെ കാൽകഴുകി ആരതി ഉഴിഞ്ഞും മഞ്ഞൾ പ്രസാദം നൽകിയും പരമ്പരാഗത സ്വീകരണ ഗാനംപാടി നൃത്തം ചെയ്തുമൊക്കെയാണ് ഇവർ വരവേൽക്കുന്നത്. ഇവർ പരസ്പരം തമിഴും പ്രദേശവാസികളോട് തമിഴ് കലർന്ന മലയാളവുമാണ് സംസാരിക്കുന്നത്.

കുടിയേറിവരുടെ പിൻതലമുറ

ഗവിയിലെ വനം വികസന കോർപ്പറേഷന്റെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനായി പതിറ്റാണ്ടുകൾക്ക് മുമ്പ് ശ്രീലങ്കയിൽ നിന്നാണ് തോട്ടം തൊഴിലാളികളെ പുനരധിവസിപ്പിച്ചത്. ശ്രീലങ്കയിൽ അക്കാലത്തുണ്ടായ വംശീയ പ്രശ്നങ്ങളെ തുടർന്ന് കേന്ദ്രസർക്കാർ ഇടപെട്ടാണ് ഇവരെ ഇവിടെ താമസിപ്പിച്ചത്,​. ഇവരുടെ മൂന്നാം തലമുറയാണ് ഇപ്പോഴുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന വനാന്തര പ്രദേശമാണ് ഗവി.

പതിറ്റാണ്ടുകൾക്ക് മുമ്പ് തോട്ടം മേഖലയിലെ ജോലിക്കായി തമിഴ് നാട്ടിലെ ശങ്കരൻകോവിൽ, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങിൽ നിന്ന് കുടിയേറിയ തമിഴ് വംശജരുടെ പിൻതലമുറക്കാരാണ് ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കുമ്പഴ എസ്റ്റേറ്റ് ഉൾപ്പെടുന്ന മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഭൂരിഭാഗം വോട്ടർമാരും. വർഷങ്ങളായി തദ്ദേശ തിരഞ്ഞെടുപ്പുകളിൽ തമിഴ് വംശജരാണ് സ്ഥാനാർത്ഥികളും.