കാമുകിക്ക് സ്ഥിരം ആഡംബര സമ്മാനങ്ങള്‍, അഞ്ച് വയസ്സുള്ള മകന് നാല് കോടിയുടെ കാര്‍; ഹാര്‍ദിക് പാണ്ഡ്യയുടെ ആസ്തിയെത്ര?

Thursday 02 April 2026 11:57 PM IST

കളത്തിന് അകത്തും പുറത്തും എപ്പോഴും വിവാദങ്ങളുടെ തോഴനാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഐപിഎല്ലിലും ദേശീയ ടീമിലും ഒഴിച്ചുകൂടാന്‍ കഴിയാത്ത സാന്നിദ്ധ്യമാണ് ബറോഡക്കാരന്‍. അടുത്തിടെ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോഴുള്ള പാണ്ഡ്യയുടെ പ്രകടനും മികച്ചതായിരുന്നു. എന്നാല്‍ തന്റെ ആഡംബര ജീവിതത്തിനായി പാണ്ഡ്യ ചെലവാക്കുന്ന കോടികളാണ് അടുത്ത കാലത്തായി ചര്‍ച്ചയാകുന്നത്. കാമുകി മഹിക ശര്‍മ്മയ്ക്ക് ആഡംബര സമ്മാനങ്ങള്‍ നല്‍കുന്നത് താരത്തിന്റെ പതിവാണ്.

വെറും 35 ദിവസത്തിനിടെ 17 കോടിയിലധികം രൂപയാണ് ആഡംബര കാറുകള്‍ക്കും സമ്മാനങ്ങള്‍ക്കുമായി താരം ചെലവാക്കിയത്. ഫെബ്രുവരി 22ന് തന്റെ അഞ്ച് വയസ്സുകാരന്‍ മകന്‍ അഗസ്ത്യ പാണ്ഡ്യക്ക് 4 കോടി രൂപ വിലമതിക്കുന്ന ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ കാറാണ് ഹാര്‍ദിക് പാണ്ഡ്യ സമ്മാനിച്ചത്. പിന്നാലെ മാര്‍ച്ച് 15ന് 12 കോടി രൂപയുടെ ഫെരാരി 12 സിലിണ്ടറി എന്ന സൂപ്പര്‍ കാറും താരം സ്വന്തമാക്കിയിരുന്നു. 40 കോടിക്ക് മുകളിലാണ് താരത്തിന്റെ ആഡംബര കാറുകളുടെ മാത്രം മൂല്യം.

കാമുകി മഹികയ്ക്ക് 1.7 കോടി രൂപ വിലയുള്ള മെഴ്‌സിഡസ് ബെന്‍സ് വി-ക്ലാസ് താരം സമ്മാനമായി നല്‍കിയിരുന്നു. അതിനും രണ്ടാഴ്ച മുമ്പാണ് കോടികള്‍ വിലവരുന്ന മറ്റൊരു സമ്മാനം താരം കാമുകിക്ക് നല്‍കിയത്. സെര്‍ബിയന്‍ മോഡലും നടിയുമായ നടാഷ സ്റ്റാന്‍കോവിച് ആയിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. ഇവരുടെ മകനാണ് അഗസ്ത്യ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും വിവാഹബന്ദം വേര്‍പ്പെടുത്തിയിരുന്നു. പിന്നീടാണ് താരം മഹികയുമായി പ്രണയത്തിലായത്.

ബിസിസിഐ സെന്‍ട്രല്‍ കോണ്‍ട്രാക്ട് ഉള്‍പ്പെടെയുള്ള കരാറുകള്‍, ഐ.പി.എല്‍ പ്രതിഫലം, ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ എന്നിവയിലൂടെ പാണ്ഡ്യയുടെ ആകെ ആസ്തി 120 കോടി രൂപ കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാണ്ഡ്യയുടെ കാര്‍ ശേഖരത്തിന്റെ മാത്രം മൂല്യം ഏകദേശം 40 കോടി രൂപ വരുമെന്നും അടുത്തിടെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റോള്‍സ് റോയ്‌സ് ഫാന്റം, ലംബോര്‍ഗിനി ഉറൂസ്, മെഴ്‌സിഡസ്-എ.എം.ജി ജി63 തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ കാറുകളെല്ലാം ഹാര്‍ദിക് സ്വന്തമാക്കിയിട്ടുണ്ട്.