copy വധുവിന് ശസ്ത്രക്രിയ ആശുപത്രി വിവാഹവേദി

Friday 03 April 2026 12:33 AM IST

കൊച്ചി: ഉദര സംബന്ധമായ രോഗത്തിന് ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതിക്ക് മുൻ നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിൽ വിവാഹം. കായംകുളത്തെ ഓഡിറ്റോറിയത്തിൽ വിവാഹസദ്യയും നടത്തി.

കൊല്ലം, ഓച്ചിറ സൗത്ത് കൊച്ചുമുറി എടയത്ത് വീട്ടിൽ പ്രഹ്ളാദന്റെയും രമാദേവിയുടെയും മകൾ ദിയ ജി. പ്രഹ്ളാദിന് (26) കായംകുളം ഗോവിന്ദമുട്ടം പുത്തൻകണ്ടത്തിൽ പരേതനായ ഡി. ജയന്റെയും അനിതയുടെയും മകൻ ജിതിനാണ് എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ താലികെട്ടിയത്. ഇന്നലെ രാവിലെ 10.30നും 11നുമിടയിലായിരുന്നു ചടങ്ങ്. പ്രത്യേക വിവാഹ മണ്ഡപവും ആശുപത്രിയിൽ ഒരുക്കിയിരുന്നു.

വിവാഹം മാസങ്ങൾക്ക് മുമ്പേ നിശ്ചയിച്ചിരുന്നു. വയറുവേദനയുമായി ദിയ ഒരാഴ്‌ച മുമ്പാണ് ആശുപത്രിയിൽ എത്തിയത്. മാർച്ച് 26ന് ശസ്ത്രക്രിയ നടത്തി. നിശ്ചയിച്ച ദിവസം വിവാഹം നടത്താൻ കുടുംബങ്ങൾ തീരുമാനിച്ചെങ്കിലും ദിയയ്‌ക്ക് യാത്ര ചെയ്യാൻ പറ്റാത്തതിനാലാണ് താലികെട്ട് ആശുപത്രിയിലാക്കിയത്. കായംകുളം ദേവികുളങ്ങര ഓഡിറ്റോറിയത്തിൽ മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും വിവാഹസൽക്കാരം നടത്തി.

അടുത്ത കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, വി.പി.എസ് ലേക്‌ഷോർ എം.ഡി എസ്.കെ. അബ്ദുള്ള, സി.ഇ.ഒ ജയേഷ് വി. നായർ, ഗ്രൂപ്പ് സി.ഒ.ഒ ലക്ഷ്മൺ സേതുരാമൻ എന്നിവർ സാക്ഷികളായി. സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. എച്ച്. രമേഷ്, സീനിയർ കൺസൾട്ടന്റ് ഡോ. മായ പീതാംബരൻ എന്നിവർ താലിമാലയും ജയേഷ് വി. നായർ പൂമാലകളും നൽകി.

സൗദി അറേബ്യയിൽ ഹെൽത്ത് ആൻഡ് സേഫ്‌റ്റി ഓഫീസറാണ് ജിതിൻ.

ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞേ ദിയയ്‌ക്ക് വീട്ടിൽ പോകാൻ കഴിയൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

വിവാഹദിനത്തിൽ അപകടത്തിൽപ്പെട്ട ആലപ്പുഴ സ്വദേശി ആവണിയെ വരൻ ഷാരോൺ ലേക്‌ഷോറിലെ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ നവംബറിൽ താലി ചാർത്തിയിരുന്നു.