തമിഴ്നാട്ടിൽ നിർണായക ഉത്തരവ് : ഡി.ജി.പിയെ മാറ്റി

Friday 03 April 2026 1:15 AM IST

ചെന്നൈ: തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട് സംസ്ഥാന പൊലീസ് മേധാവിയെ മാറ്റി തിരഞ്ഞെടുപ്പ് കമ്മിഷൻ. ക്രമസമാധാന വിഭാഗം ഡി.ജി.പി ജി. വെങ്കട്ടരാമനെ മാറ്റി പകരം സന്ദീപ് റായ് റാത്തോറിനെ നിയമിച്ചു. 1992 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സന്ദീപ് റായ് റാത്തോർ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് നടപടികളുടെ മേൽനോട്ട ചുമതല ഇദ്ദേഹത്തിനായിരിക്കും. തമിഴ്നാട്ടിലെ പ്രധാന പൊലീസ് തസ്തികകളിലും മാറ്റങ്ങൾ വരുത്തി. താംബരം സിറ്റി പൊലീസ് കമ്മിഷണർ എ. അമൽരാജിന് പകരം സഞ്ജയ് കുമാറിനെ നിയമിച്ചു. അഭിഷേക് ദീക്ഷിതിനെ മധുര സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. ആർ.വി. രമ്യ ഭാരതിയെ കോയമ്പത്തൂർ വെസ്റ്റ് സോണിലെ ഐ.ജിയായി നിയമിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതുവരെയാണ് ചുമതല. ഡി.എം.കെ സർക്കാർ നിയമിച്ച പൊലീസ് ഉദ്യോഗസ്ഥർ ഉയർന്ന പദവികളിൽ തുടരുന്നതിൽ വിമർശനമുയർന്നിരുന്നു.