പരാജയം ഉറപ്പായതോടെ പ്രചാരണം തടസപ്പെടുത്തുന്നു: വേണുഗോപാൽ

Friday 03 April 2026 1:18 AM IST

പാലക്കാട്:തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ സി.പി.എമ്മും ബി.ജെ.പിയും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണം തടസപ്പെടുത്തുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു.പാലക്കാട്ടെ സംഭവത്തിൽ ബി.ജെ.പി അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ഇലക്ഷൻ കമ്മിഷന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിയമനടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാലക്കാട്ടെ സംഭവത്തെ അപലപിക്കുന്ന മുഖ്യമന്ത്രിയുടെ പാർട്ടി കണ്ണൂരിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്.സി.പി.എമ്മിന്റെ വഴിവിട്ട പോക്കിനെ ചോദ്യം ചെയ്ത വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിൽ പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ വലിയ അമർഷമുണ്ട്.സ്വന്തം അണികളുടെ പിന്തുണ നഷ്ടപ്പെട്ടതോടെ കള്ളവോട്ടിലൂടെ ജയിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.ഇതിനായി വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ.സി.വേണുഗോപാൽ ആരോപിച്ചു.