മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം രാഷ്ട്രീയ പാപ്പരത്തം: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ പരാമർശങ്ങൾ രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആർ.എസ്.എസിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന മുഖ്യമന്ത്രിയെ അപമാനിക്കുന്നത് സൂര്യന് നേരെ തുപ്പുന്നതിന് തുല്യമാണ്. പലയിടത്തും കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറുമ്പോൾ കേരളത്തിലെ ഇടതുപക്ഷം വർഗീയതയ്ക്കെതിരെ നെഞ്ചുവിരിച്ചു നിൽക്കുകയാണ്. ഈ അധിക്ഷേപങ്ങളിലൂടെ കോൺഗ്രസ് ബി.ജെ.പിക്ക് വഴിമരുന്നിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എഫ്.സി.ആർ.എ നിയമഭേദഗതിയിലൂടെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെ തടയാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് ന്യൂനപക്ഷങ്ങളെയും അശരണരെയും ബാധിക്കും. കേരളത്തിന്റെ ആശങ്ക വ്യക്തമാക്കി മാർച്ച് 30-ന് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഈ കരിനിയമം പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണം. ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിച്ച പി.സി. ജോർജിനെ തള്ളിപ്പറയാൻ ബി.ജെ.പി അദ്ധ്യക്ഷൻ തയ്യാറുണ്ടോ എന്നും മന്ത്രി വെല്ലുവിളിച്ചു. വോട്ട് തട്ടാനായി പള്ളികൾ കയറിയിറങ്ങുന്ന ബി.ജെ.പിയുടെ യഥാർത്ഥ മുഖമാണ് പി.സി. ജോർജിലൂടെ പുറത്തുവന്നതെന്നും നേമത്തെ മതേതര വിശ്വാസികൾ ഇതിന് വോട്ടിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.