സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്‌ടർക്ക് മർദ്ദനം; ആക്രമണം നടത്തിയത് നാല് സ്‌ത്രീകൾ ചേർന്ന്

Friday 03 April 2026 8:52 AM IST

മലപ്പുറം: സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്‌ടർക്ക് മർദ്ദനത്തിൽ പരിക്ക്. മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സിനി ജലീലിനാണ് മർദ്ദനമേറ്റത്. നാല് സ്‌ത്രീകൾ ചേർന്ന് മർദ്ദിച്ചതായാണ് പരാതി.

ഡോക്‌ടറുടെ വീടിനോട് ചേർന്നുള്ള ക്ളിനിക്കിൽ പർദ്ദ ധരിച്ചെത്തിയവരാണ് ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സിനി പെരിന്തൽമണ്ണയിൽ ചികിത്സയിലാണ്. ഡോക്‌ടറുടെ രണ്ട് സഹായികൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞയാഴ്‌ച പെരിന്തൽമണ്ണയിലെ ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായെത്തിയ യുവതി രക്തസ്രാവത്തെത്തുടർന്ന് മരണപ്പെട്ടിരുന്നു. പിന്നാലെ ചികിത്സാപ്പിഴവ് ആരോപിച്ച് ചിലർ പ്രശ്നമുണ്ടാക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഡോക്‌ടർക്ക് മർദ്ദനമേറ്റതെന്നാണ് നിഗമനം. സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎ പെരിന്തൽമണ്ണ ഘടകം സമരം പ്രഖ്യാപിച്ചു. പെരിന്തൽമണ്ണയിലെ സർക്കാർ - സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർമാർ സമരത്തിന്റെ ഭാഗമാകുമെന്നാണ് വിവരം.